

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി നിയന്ത്രണത്തിന് ഇന്ന് മുതല്‍ മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീര്‍ഘകാല കരാര്‍ നഷ്ടപ്പെട്ടത് സര്‍ക്കാരിന്റെ ഏകോപന കുറവുകൊണ്ടാണെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു. ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ റിപ്പോര്‍ട്ട് കിട്ടട്ടെ നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. പലയിടത്തും അസാധാരണമായുണ്ടാകുന്ന പവര്‍കട്ടില്‍ വിമര്‍ശനം വ്യാപകമാണ്. മുന്നറിയിപ്പില്ലാതെ രാത്രി പല തവണയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണമാണ് ജനങ്ങളെ വലച്ചത്.
കൊല്ലത്ത് കെഎസ്ഇബി ഓഫീസിന് മുന്നില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ സംഘടിപ്പിച്ചാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. കൊല്ലം തെന്മല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ ഇടമണ്‍-തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിനിടെ സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി രംഗത്തെത്തി. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്. പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
പീക്ക് ടൈമില്‍ ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെഎസ്ഇബി പറയുന്നു. മഴ ലഭിച്ചാല്‍ നേരിയ ആശ്വാസം കണ്ടെത്താന്‍ കഴിയും. മറ്റ് സംസ്ഥാനങ്ങളിലെ ക്ഷാമം പരിഹരിക്കാതെ വൈദ്യുതി കിട്ടില്ല. നിയന്ത്രണം അതുവരെ തുടരും. ജനങ്ങള്‍ സഹകരിക്കുക മാത്രമാണ് ഇനിയുള്ള വഴിയെന്നും കെഎസ്ഇബി പറയുന്നു. പവര്‍കട്ട് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ശ്രമം കെഎസ്ഇബി തുടങ്ങിയിട്ടുണ്ട്. അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ പതിനഞ്ചോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
Content Highlights: Minister Sunny Joseph said efforts are underway to resolve Kerala’s power crisis quickly.