

ഡിജിറ്റൽ ബാങ്കിങ്, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ ലളിതമാക്കുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആധാർ ഫേസ് ഓതന്റിക്കേഷൻ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റും അതോടൊപ്പം ഒരു ടെസ്റ്റിംഗ് സാൻഡ്‌ബോക്‌സും ഔദ്യോഗികമായി പുറത്തിറക്കി. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.
ഇതുവരെ ഉപഭോക്താക്കൾക്ക് മുഖം പരിശോധിച്ച് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ ബാങ്കിങ് ആപ്പിൽ നിന്നും മാറി 'ഫേസ് ആർഡി' എന്ന മറ്റൊരു ആപ്ലിക്കേഷന്റെ സഹായം തേടണമായിരുന്നു. ഇത് പലപ്പോഴും ഡിജിറ്റൽ ഇടപാടുകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ എസ്‌ഡികെ പുറത്തിറങ്ങിയതോടെ, ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ നേരിട്ട് തന്നെ ഫേസ് ഓതന്റിക്കേഷൻ സംവിധാനം ഉൾപ്പെടുത്താൻ സാധിക്കും. ഉപഭോക്താക്കൾക്ക് മറ്റ് ആപ്പുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടാതെ ഒരൊറ്റ ആപ്പിൽ തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കാം.
സുരക്ഷയുടെ കാര്യത്തിലും വലിയ മുൻകരുതലുകളാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. വെരിഫിക്കേഷൻ സമയത്ത് ജീവനുള്ള വ്യക്തിയുടെ മുഖം തന്നെയാണോ അതോ ചിത്രങ്ങളോ വ്യാജ രൂപങ്ങളോ ആണോ എന്ന് തിരിച്ചറിയാനുള്ള 'ലിവ്‌നെസ് ഡിറ്റക്ഷൻ', ആന്റി സ്പൂഫിങ് സംവിധാനങ്ങൾ ഇതിലുണ്ട്. കൂടാതെ, വിവരങ്ങൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നത്.
നിലവിൽ പ്രതിദിനം 10 കോടിയോളം ആധാർ വെരിഫിക്കേഷനുകളാണ് നടക്കുന്നത്. ഇത് ഭാവിയിൽ 25 മുതൽ 30 കോടി വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഐഡിഎഐ ചെയർമാൻ നീൽകണ്ഠ് മിശ്ര വ്യക്തമാക്കിയതനുസരിച്ച്, പുതിയ എസ്‌ഡികെ ഉപയോഗിക്കുന്നതിലൂടെ ബാങ്കുകൾക്ക് ഈ വെരിഫിക്കേഷൻ പ്രക്രിയ അവരുടെ സ്വന്തം ലോക്കൽ സെർവറുകളിൽ തന്നെ നടത്താൻ കഴിയും. ഇത് യുഐഡിഎഐയുടെ പ്രധാന സെർവറുകളെ നേരിട്ടുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും സുരക്ഷിതമാക്കാൻ സഹായിക്കും.
ഇതിനോടൊപ്പം പുറത്തിറക്കിയ 'ഫേസ് ഓതന്റിക്കേഷൻ സാൻഡ്‌ബോക്‌സ്' ഡെവലപ്പർമാർക്ക് ഈ സംവിധാനം തത്സമയം ആപ്പുകളിൽ ലഭ്യമാക്കുന്നതിന് മുൻപ് കൃത്യമായി പരീക്ഷിച്ച് ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമാണ്. ബയോമെട്രിക് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നെറ്റ്‌വർക്ക് തകരാറുകൾ, സമയപരിധി അവസാനിക്കൽ, സുരക്ഷാ ലംഘനങ്ങൾ എന്നിവ ഈ സാൻഡ്‌ബോക്‌സിലൂടെ ടെസ്റ്റ് ചെയ്യാം. പെൻഷൻകാരുടെ 'ജീവൻ പ്രമാൺ' ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്, ആയുഷ്മാൻ ഭാരത്, പിഎം കിസാൻ തുടങ്ങിയ വിവിധ സർക്കാർ പദ്ധതികൾക്കും ഈ അത്യാധുനിക മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വരും ദിവസങ്ങളിൽ കൂടുതൽ കരുത്തുപകരും.
Content Highlights:UIDAI launches a new Aadhaar Face Authentication SDK and dedicated sandbox for BFSI entities.Integrates face biometric scans directly into native Android and iOS mobile applications.