

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീ. സെക്രട്ടറി ഹരി എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പരീക്ഷയില്‍ 9 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഇവരുടെ വീഴ്ച്ചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ വഴി പിഎസ്‌സിക്ക് കത്ത് കൈമാറാനാണ് തീരുമാനം. സതീശും ഹരിയുമായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. എന്നാല്‍ സാങ്കേതിക പിഴവാണ് ചില ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താത്തതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പിഎസ്‌സി നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉള്‍പ്പടെ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒന്നായിരുന്നു ആസൂത്രബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയില്‍ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവ്. പത്തോളം ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ ഫലം പ്രഖ്യാപിച്ചെന്നായിരുന്നു കണ്ടെത്തല്‍. ചില ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാനായിരുന്നു ഈ നീക്കമെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരീക്ഷാമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
അതേസമയം പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കെഎഎസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളില്‍ നിര്‍ണായക തെളിവുകള്‍ എസ്ഐടിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.
Content Highlights: The Crime Branch has found serious lapses on the part of officials in connection with the PSC examination irregularities.