

കേരള ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി തകർന്നടിയുകയാണ്. പുലിമുരുകന്‍ മലയാളത്തില്‍ ആദ്യ 100 കോടി നേടിയപ്പോള്‍ പലര്‍ക്കും അത് അത്ഭുതമായിരുന്നു. എന്നാൽ ഇതിന് ശേഷം 100 കോടി എന്ന് കേട്ടാൽ കേരള ബോക്സ് ഓഫീസിന് വലിയ ഞെട്ടൽ ഇല്ലതെയായി. മാത്രമല്ല, കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമകള്‍ 100 കോടി നേടുക എന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. മുൻപ് 'തുടരും' സ്വന്തമാക്കിയ നൂറ് കോടി നേട്ടം മറികടന്ന് 'ലോകഃ' കേരളാ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
എന്നാൽ, ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ ഒരുപറ്റം ചെറുപ്പക്കാർ അണിനിരന്ന 'വാഴ 2' തൊട്ടടുത്തായി ആ സിംഹാസനം പിടിച്ചെടുത്തു. ഇപ്പോഴിതാ കേവലം നാല് മാസത്തിനുള്ളിൽ ആ റെക്കോർഡും പഴങ്കഥയായിരിക്കുന്നു. ഗിരീഷ് എ ഡി ഒരുക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് 'വാഴ 2'വിന്റെ കളക്ഷനെ പിന്നിലാക്കി. വെറും 20 ദിനങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം 125 കോടി നേടിയിരിക്കുകയാണ്.
ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ കുതിപ്പാണ് ബെത്ലഹേം കുടുംബ യൂണിറ്റ് നടത്തുന്നത്. മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാന്റെ’ റെക്കോർഡ് ബെത്‌ലഹേം നേരത്തെ വെട്ടിയിരുന്നു. 268 കോടി ആയിരുന്നു എമ്പുരാന്‍റെ ഫെെനല്‍ കളക്ഷന്‍. വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഈ റെക്കോർഡ് വെട്ടിയത്. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര ആണ് നിലവില്‍ മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍. 30 കോടിയിൽ ഒരുക്കിയ ലോക 303 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ജസ്റ്റിൻ ചേട്ടന്റെ പെർഫോമൻസിന് മുന്നിൽ നീലി മുട്ട് മടക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
അതേസമയം, കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് ബെത്ലഹേമിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു, ഐ ആം കാതലന്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
സിനിമയുടെ തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുന്‍നിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസും ചേര്‍ന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Content Highlights: ‘Bethlehem Kudumba Unit’ has reportedly moved ahead of ‘Vazha 2’ in box office collections. The film is now leading among the compared Malayalam releases, with ‘Loka’ identified as the remaining collection target to surpass.