

മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനേയും യുഡിഎഫ് സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. മുന്‍ ആഭ്യന്തര മന്ത്രി ചിദംബരത്തെ പൂട്ടിയ ഇ ഡിയുടെ പൂട്ട്‌കൊണ്ട് പിണറായിയെ പൂട്ടാന്‍ സാധിക്കാത്തത് കൊണ്ടാവും വാഴനാരുകൊണ്ട് അദ്ദേഹത്തിന്റെ കൈ കൂട്ടികെട്ടാന്‍ മുഖ്യമന്ത്രിയെ എന്‌ഫോഴ്‌സ്‌മെന്റ് ദൗത്യം ഏല്‍പ്പിച്ചതെന്ന് കെ ടി ജലീല്‍ പരിഹസിച്ചു. പിണറായിയെ പൂട്ടാൻ ഇ ഡി വേറെ ജനിക്കണം എന്നും കെ ടി ജലീൽ പറഞ്ഞു.
400 കോടിയുടെ ലാവ്‌ലിന്‍ കേസും കമലാ ഇന്റര്‍നാഷണല്‍ കമ്പനിയും പിണറായിയുടെ കൊട്ടാരവീടും എന്തായെന്നും കെ ടി ജലീല്‍ ചോദിച്ചു. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോള്‍ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാകും മുഖ്യമന്ത്രി സതീശന്‍ കരുതിയിട്ടുണ്ടാവുക. പിണറായിയുടെ 'ജെനുസ്' വേറെയാണ്. കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തില്‍ തൊടാന്‍ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സര്‍ക്കാരിനാകുമോയെന്നും കെ ടി ജലീല്‍ ചോദിച്ചു.
'400 കോടിയുടെ ലാവ്ലിൻ കേസ് എന്തായി? കമലാ ഇൻ്റർനാഷണൽ കമ്പനി എന്തായി? പിണറായിയുടെ 'കൊട്ടാരവീട്' എന്തായി? മുൻ ആഭ്യന്തരമന്ത്രി ചിദംബരത്തെ പൂട്ടിയ ഇ.ഡിയുടെ പൂട്ട് കൊണ്ട് പിണറായിയെ പൂട്ടാൻ സാധിക്കാത്തത് കൊണ്ടാകും വാഴന്നാര് കൊണ്ട് അദ്ദേഹത്തിൻ്റെ കൈ കൂട്ടിക്കെട്ടാൻ മുഖ്യമന്ത്രിയെ, ഇ.ഡി 'ദൗത്യ'മേൽപ്പിച്ചത്!
ലീഗ്-കോൺഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോൾ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാകും മുഖ്യമന്ത്രി സതീശൻ കരുതിയിട്ടുണ്ടാവുക. പിണറായിയുടെ "ജെനുസ്" വേറെയാണ് മുഖ്യമന്ത്രീ. കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ?', കെ ടി ജലീൽ കുറിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം സിപിഐഎമ്മിനെയോ ഇടതുപക്ഷത്തെയോ ബാധിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉന്നം വെച്ച് സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ ഡി തീരുമാനം ബാധിക്കുന്നില്ല. പിണറായി വിജയനെ പുകമറയില്‍ നിര്‍ത്തുന്നതിന് എത്രകാലമായി ശ്രമിക്കുകയാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയല്ല ഇതിനകത്തെ പ്രശ്‌നം. പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകര്‍ക്കലാണ്. ആ ലക്ഷ്യം വെച്ചാണ് നേരത്തെ തന്നെ പിണറായി വിജയനെ ലക്ഷ്യംവെച്ചുള്ള ഈ വേട്ടയാടല്‍ ആരംഭിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Content Highlights: Former minister K T Jaleel has criticised the UDF government over the Enforcement Directorate’s action against Pinarayi Vijayan in the CMR-L Exalogic case