

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ്. പിണറായി കാലത്തെ തെറ്റായ മാനസികാവസ്ഥയും ശൈലിയും ആവര്‍ത്തിക്കലല്ല പൊലീസിന്റെ ജോലിയെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍ ബിയ്യാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഭരണവും കാലവും മാറിയത് അറിയാതെ പഴയ മനോഭാവത്തോടെ പൊലീസ് പ്രവര്‍ത്തിക്കരുത്. വീഡിയോ പരിശോധിച്ചാല്‍ അബ്ദുള്ള ബാസില്‍ അധിക്ഷേപകരമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകും. ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം പ്രസ്ഥാനത്തിന്റെയും വ്യക്തികളുടെയും നിലപാടുകള്‍ വ്യക്തമാക്കുക എന്നത് വക്താക്കളുടെ ചുമതലയാണ്. അബ്ദുള്ള ബാസിലിനെതിരെ ചുമത്തിയ വകുപ്പുകള്‍ കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ പൊലീസും ആഭ്യന്തര വകുപ്പും തയ്യാറാകണമെന്നും ഫര്‍ഹാന്‍ ബിയ്യാം പറഞ്ഞു.
അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അബ്ദുള്ള ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. സീറോ എഫ്ഐആര്‍ റദ്ദാക്കാനും തുടര്‍ നടപടികള്‍ വേണ്ടെന്നുമാണ് നിര്‍ദേശം. കൂടാതെ വിവാദ യൂടൂബര്‍ ആരിഫ് ഹുസൈനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights- MSF criticised the police over action taken against Abdullah Basile, stating that the police should recognise changes in governance and the prevailing political circumstances.