

ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെട്ടിട ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഉടമ ഹരിറാം ബന്‍സാലിനെ പിടികൂടിയത്. ഇയാളെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു. അപകടമുണ്ടായി 25 മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രാദേശിക ജില്ല പൊലീസ്, സ്‌പെഷ്യല്‍ സ്റ്റാഫ്, മറ്റ് ഓപ്പറേഷന്‍ യൂണിറ്റുകള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഹരിറാമിനായി വലവിരിച്ചത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആണ്‍കുട്ടികള്‍ക്കുള്ള പിജിയായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ ഡേയ്‌സ് എന്ന കെട്ടിടം തകര്‍ന്ന് വീഴുന്നത്. അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 12 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം കെട്ടിട ഉടമ വര്‍ഷങ്ങളായി ഗുരുഗ്രാമിലാണ് താമസിക്കുന്നതെന്നും അവിടെ ഇയാളുടെ ഉടമസ്ഥതയില്‍ നിരവധി കെട്ടിടങ്ങളുണ്ടെന്നും അയല്‍വാസിയായ സി പി ശര്‍മ പറയുന്നു. സ്വന്തമായി ഇയാള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പും ഉണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ സ്വത്തുക്കളുണ്ടോ എന്ന വിവരം അറിയില്ല. ഗുരുഗ്രാമില്‍ അഞ്ചോളം പ്രോപ്പര്‍ട്ടി ഇയാളുടെ പേരിലുണ്ടെന്നും അയല്‍വാസി പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ച് എംസിഡി ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സൂപ്രണ്ട് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. തകര്‍ന്ന കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടവും ഏത് നിമിഷവും നിലംപ്പൊത്താവുന്ന രീതിയിലാണ്. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ പടിപടിയായി ആ കെട്ടിടം പൊളിക്കുമെന്ന് എംസിഡി കമ്മീഷണര്‍ സഞ്ജീവ് ഖിര്‍വാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ പ്രദേശത്തുള്ള മൂന്ന് -നാല് കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തരവുകള്‍ നല്‍കിയിരുന്നു. അതിന്റെ ഭാഗമായുള്ള നടപടികളും സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് മാസം 960ഓളം കെട്ടിടങ്ങള്‍ പൊളിച്ചപ്പോള്‍, 407എണ്ണം സീല്‍ ചെയ്‌തെന്നും 1500 കെട്ടിടങ്ങള്‍ സീൽ ചെയ്യാനും പൊളിക്കുന്നതിനുമായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃത നിര്‍മിതികള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ നടപടികള്‍ ഉണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സംഭവത്തിന് പിന്നാലെ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അഞ്ച് നില കെട്ടിടങ്ങള്‍ സീല്‍ ചെയ്യണമെന്നും പിജി താമസസൗകര്യം ലഭ്യമാകുന്ന കെട്ടിടങ്ങളില്‍ അടിയന്തര പരിശോധന വേണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: The owner of a building involved in a collapse incident in Delhi has been arrested. The arrest follows the building collapse and the subsequent investigation into the incident.