'ഇന്‍സ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു'; മലപ്പുറത്തും പരാതി

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്

'ഇന്‍സ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു'; മലപ്പുറത്തും പരാതി
dot image

മലപ്പുറം: മലപ്പുറത്തും കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതി. 12 കോളേജുകളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണാഘോഷ ദിവസങ്ങളില്‍ കോളേജുകളില്‍ നടന്ന പെണ്‍കുട്ടികളുടെ ആഘോഷ ദൃശ്യങ്ങളാണ് പലയിടങ്ങളിലും ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അരീക്കോട് പൊന്നാനി മേഖലകളില്‍ നിന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതി ലഭിച്ചിട്ടുണ്ട്.

പണമടച്ചാല്‍ ചിത്രങ്ങള്‍ ലഭിക്കുന്ന ടെലഗ്രാം അക്കൗണ്ടുകളില്‍ മെമ്പര്‍ ആവുന്ന രീതികളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് എംഎസ്എഫ് പരാതി നല്‍കിയിരുന്നു.

Also Read:

കോട്ടയത്തും സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മംഗളം കോളജിലെ നാലാം വർഷ ബിടെക് വിദ്യാർഥി അജ്മൽ ടി മൊഹമ്മദിനെതിരെയാണ് പൊലീസ് നടപടി. സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം അജ്മലിന്റെ ഫോണിൽ നിന്നും കണ്ടെത്തുകയായിരുന്നു.

ഏഴ് വിദ്യാർത്ഥികളുടെ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലാണ്. ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ.

അതേസമയം, തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിംഗ് കേസിൽ നിർണായക വിവരങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. കേസിലെ മുഖ്യസൂത്രധാരൻ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയാണെന്ന് അറസ്റ്റിലായ ശ്രീഹരി മൊഴി നൽകി. ഒളിവിൽ പോയ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തിൽ അഞ്ചിലധികം പേരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ മാത്രം അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. അതിനിടെ ശ്രീഹരി, ബന്ധുക്കളുടെ ചിത്രങ്ങളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Content Highlights: A complaint has been filed in Malappuram over the alleged widespread circulation of morphed photos of college students

dot image
To advertise here,contact us
dot image