കാലിക്കറ്റോ തൃശ്ശൂരോ... ആരുനേടും കിരീടം; കെസിഎല്‍ ഫൈനല്‍ ഇന്ന്

ആലപ്പിയെ തകര്‍ത്താണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് കെസിഎലിന്റെ ഫൈനലില്‍ എത്തിയത്

കാലിക്കറ്റോ തൃശ്ശൂരോ... ആരുനേടും കിരീടം; കെസിഎല്‍ ഫൈനല്‍ ഇന്ന്
dot image

കേരള ക്രിക്കറ്റ് ലീഗ് പൂരത്തിന് ഇന്ന് കൊടിയിറക്കം. പക്ഷെ, ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്. മൂന്നാം സീസണില്‍ ആരാകുംജേതാക്കളെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം.

ആലപ്പി റിപ്പിള്‍സിനെ 36 റണ്‍സിന് തോല്‍പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്ലിന്റെ ഫൈനലില്‍ കടന്നത്. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കാലിക്കറ്റിന് വിജയമൊരുക്കിയ ജോസ് പെരയിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണര്‍മാര്‍ സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ രോഹനൊപ്പം വരുണ്‍ നായനാരും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഇരുവരും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ രോഹന്‍ പുറത്തായി. 27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കം 45 റണ്‍സെടുത്താണ് ക്യാപ്റ്റന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയ നാലും ജോസ് പെരയില്‍ അഞ്ചും റണ്‍സ് നേടി മടങ്ങി. നാലാം വിക്കറ്റില്‍ ഒന്നിച്ച അബ്ദുള്‍ ബാസിതും വരുണ്‍ നായനാരും ചേര്‍ന്ന് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ വരുണ്‍ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 42 പന്തുകളില്‍ 59 റണ്‍സാണ് വരുണ്‍ നേടിയത്. എന്നാല്‍ 16 ഓവര്‍ പൂര്‍ത്തിയായതോടെ സ്‌കോറിങ് വേഗമുയര്‍ത്താന്‍ വരുണിനെ പിന്‍വലിച്ച് കൃഷ്ണദേവനെ രംഗത്തിറക്കിയ നീക്കം ഫലം കണ്ടു.

രണ്ടാം പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് കൃഷ്ണദേവന്‍ സ്‌കോറിങ്ങിന് തുടക്കമിട്ടത്. നാല് സിക്‌സറടക്കം 26 റണ്‍സാണ് കൃഷ്ണദേവനും അബ്ദുള്‍ ബാസിതും ചേര്‍ന്ന് ആ ഓവറില്‍ നേടിയത്. 17 പന്തുകളില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തുകളില്‍ ആറ് സിക്‌സറടക്കം 53 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് റണ്ണൗട്ടായി. അവസാന ഓവറില്‍ സല്‍മാന്‍ നിസാറിന്റെ കൂറ്റന്‍ ഷോട്ടുകള്‍ കൂടി ചേര്‍ന്നതോടെ കാലിക്കറ്റിന്റെ സ്‌കോര്‍ 218ല്‍ അവസാനിച്ചു. സല്‍മാന്‍ നിസാര്‍ ഏഴ് പന്തുകളില്‍ 19ഉം കൃഷ്ണദേവന്‍ 11 പന്തുകളില്‍ 24 റണ്‍സും നേടി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി അജിത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയുടെ ആരാധകരെ ഞെട്ടിച്ച് ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് അസറുദ്ദീന്‍ (4) മടങ്ങി. അഖിന്‍ സത്താറിന്റെ പന്തില്‍ ഹരികൃഷ്ണന്‍ എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് അസറുദ്ദീന്‍ പുറത്തായത്. രണ്ടാം ഓവറില്‍ ആകാഷ് പിള്ളയും (2) മടങ്ങി. എന്നാല്‍ തുടക്കത്തില്‍ തന്നെയേറ്റ തിരിച്ചടിയില്‍ പതറാതെ സച്ചിന്‍ ബേബിയും കെ. എ. അരുണും ബാറ്റ് വീശി. അരുണ്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍, സച്ചിന്‍ ബേബി മികച്ച പിന്തുണ നല്‍കി. അനായാസം സ്‌കോര്‍ ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് പത്താം ഓവറില്‍ തന്നെ സ്‌കോര്‍ 100 കടത്തി. ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ ജോസ് പെരയില്‍ എറിഞ്ഞ 17-ാം ഓവര്‍ നിര്‍ണ്ണായകമായി. ഓവറിലെ മൂന്നാം പന്തില്‍ സച്ചിന്‍ ബേബി, സല്‍മാന്‍ നിസാറിന് ക്യാച്ച് നല്‍കി മടങ്ങി. 46 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 73 റണ്‍സാണ് സച്ചിന്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ സിബിന്‍ ഗിരീഷും പുറത്തായി. അടുത്ത ഓവറില്‍ കെ. എ. അരുണും പുറത്തായതോടെ ആലപ്പിയുടെ പ്രതീക്ഷകള്‍ക്ക് അവസാനമായി. 46 പന്തുകളില്‍ മൂന്ന് ഫോറും ഏഴ് സിക്‌സുമടക്കം 82 റണ്‍സ് നേടിയാണ് അരുണ്‍ മടങ്ങിയത്. 20 ഓവറില്‍ എട്ട് വിക്കറ്റിന് 182 റണ്‍സെന്ന നിലയില്‍ ആലപ്പിയുടെ ഇന്നിങ്‌സിന് അവസാനമായി. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോസ് പെരയിലാണ് കാലിക്കറ്റ് ബൗളിങ് നിരയില്‍ തിളങ്ങിയത്. അഖില്‍ സ്‌കറിയയും ഇബ്‌നുള്‍ അഫ്താബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

content highlights: Calicut or Thrissur? KCL Final Takes Center Stage Today

dot image
To advertise here,contact us
dot image