

കൊച്ചി: കാലടി സ്റ്റേഷനില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. കാലടി പൊലിസിനെതിരെ പരാതിയുമായി യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. കാലടി സ്വദേശി സുജിത്ത് എസ്പിക്ക് പരാതി നല്‍കി. സെപ്റ്റംബര്‍ രണ്ടാം തീയതി ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച് രാത്രിവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി. ജനനേന്ദ്രിയത്തില്‍ പൊലീസ് ബൂട്ടിട്ട് തൊഴിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ഇന്റര്‍ലോക് കട്ട കൊണ്ട് മുതുകില്‍ ഇടിച്ചെന്നും നഗ്‌നനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാം തീയതി സുജിത്തിനെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടുണ്ടെന്നും അത് അന്വേഷിക്കാനാണ് കൊണ്ടു പോകുന്നതെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സ്റ്റേഷനില്‍ എത്തിയ ശേഷം ഇതിനെക്കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല. എന്നാല്‍ തന്റെ പേരും ജാതിയും മാത്രം ചോദിച്ച് അത് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സുജിത്ത് പറയുന്നു. പിന്നാലെയാണ് ക്രൂര മര്‍ദ്ദനമുണ്ടായത്. ഉച്ചക്ക് 12: 30 ന് സ്റ്റേഷനില്‍ എത്തിയ ശേഷം പിറ്റേ ദിവസം രണ്ട് മണിവരെ മര്‍ദ്ദിച്ചെന്നാണ് യുവാവ് പറയുന്നത്. കാല്‍ അകത്തി വെച്ചശേഷം ബൂട്ടിട്ട് ജനനേന്ദ്രിയത്തില്‍ തൊഴിക്കുകയും ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ഇദ്ദേഹം പറയുന്നുണ്ട്.
താന്‍ ഒരു ടാക്‌സി ഡ്രൈവറാണെന്നും എന്നാല്‍ വാഹനം ഒടിക്കുന്നതിനിടയില്‍ വരുന്ന പെറ്റി കേസ് പോലും തനിക്കെതിരെ ഇല്ലെന്നും സുജിത്ത് വ്യക്തമാക്കുന്നുണ്ട്. പിന്നാലെ അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് സുജിത്തിനെ സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കുന്നത്. സുജിത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതിലടക്കം ഇപ്പോഴും വ്യക്തതയില്ല. സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ച ശേഷം സുജിത്ത് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
Content Highlights: Kalady native Sujith has approached the SP with a complaint alleging severe physical and humiliating treatment at Kalady police station on September 2. He alleged that he was kept at the station until night and subjected to physical abuse, including claims of being kicked and beaten with an interlock block. The complaint reportedly names the police personnel involved.