സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്; SFI സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന്റെ FIR

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍

സഞ്ജീവും ശിവപ്രസാദുമടക്കം 30 പേര്‍ക്കെതിരെ കേസ്; SFI സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പൊലീസിന്റെ FIR
dot image

തിരുവനന്തപുരം: എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദും അടക്കം 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 200 പ്രവര്‍ത്തകരും കേസിലെ പ്രതികളാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നാണ് എഫ്‌ഐആര്‍. കലാപാഹ്വാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി 17 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരവും അക്രമാസക്തമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അതേസമയം കഴിഞ്ഞ ദിവസത്തെ എസ്എഫ്ഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ് നടന്നത് പ്രവര്‍ത്തകരുടെ അക്രമം കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Also Read:

കണ്‍ട്രോള്‍ റൂം എസിപിയുടെ കഴുത്തില്‍ പി എസ് സഞ്ജീവ് കുത്തിപ്പിടിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതാണ് ലാത്തി വീശാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ പ്രവര്‍ത്തകയുടെ മുഖത്ത് മുറിവേറ്റത് പൊലീസ് ഷീല്‍ഡ് കൊണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെതിരെയാണ് പൊലീസ് നടപടിയുണ്ടായതും പിന്നീടിത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Also Read:


ലാത്തിച്ചാര്‍ജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ മര്‍ദ്ദിച്ചൊതുക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം. പിന്നില്‍ സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Police have registered a case against activists who participated in the SFI Secretariat march in Thiruvananthapuram

dot image
To advertise here,contact us
dot image