വനാവകാശ നിയമം അക്ഷരാർത്ഥത്തിൽ വികലമാക്കുന്നു: തേനിയിലെ മേഘമലൈ-വരുശനാട് കുടിയൊഴിപ്പിക്കലിനെതിരെ AIKS

'മേഘമലൈ-വരുശനാട് പ്രദേശങ്ങളിൽ വനാവകാശ നിയമം നടപ്പാക്കാൻ തമിഴ്‌നാട് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണം. സുപ്രീം കോടതി വനാവകാശ നിയമത്തെ അതിന്റെ യഥാർത്ഥ അന്തസത്തയോടെ ഉയർത്തിപ്പിടിക്കണം'

വനാവകാശ നിയമം അക്ഷരാർത്ഥത്തിൽ വികലമാക്കുന്നു: തേനിയിലെ മേഘമലൈ-വരുശനാട് കുടിയൊഴിപ്പിക്കലിനെതിരെ AIKS
dot image

ന്യൂഡൽഹി: അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിൽ നിന്നുള്ള ഒഴിപ്പിക്കലിനെതിരെ അഖിലേന്ത്യാ കിസാൻ സഭ രം​ഗത്ത്. മേഘമലൈ-വരുശനാട്ടിലെ നിയമവിരുദ്ധ കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും വനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ അഗസ്ത്യമല ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായ മേഘമലൈ-വരുഷനാട് പ്രദേശങ്ങളിൽ 5,072.653 ഹെക്ടർ ഭൂമിയിൽ നിന്ന് പരമ്പരാഗത വനവാസികളെ ഒഴിപ്പിക്കാനുള്ള നടപടി ജനാധിപത്യ വിരുദ്ധമായ നിലപാടിൻ്റെ ഭാ​ഗമാണെന്നും അഖിലേന്ത്യാ കിസാൻ സഭ കുറ്റപ്പെടുത്തി. മേഘമലൈ-വരുഷനാട് പ്രദേശങ്ങളിൽ നിന്നുള്ള കുടിയൊഴിപ്പിക്കലിനെതിരെ പുറത്തിറക്കിയ പ്രസ്താവനയിലാണ് എഐകെഎസ് സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

'തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 25,000 പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇവരിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. ബോധപൂർവം നിയമം ലംഘിക്കുന്ന ഒരു വ്യവസ്ഥാപിത നടപടിയാണ് കുടിയൊഴിപ്പിക്കലെന്നും എഐകെഎസ് കുറ്റപ്പെടുത്തി. അതിക്രമിച്ചുകയറിയവർ എന്ന് മുദ്രകുത്തി തമിഴ്‌നാട് വനംവകുപ്പ് ഈ പ്രദേശത്തുനിന്ന് അധ്വാനിക്കുന്ന കർഷകരെ ഒഴിപ്പിക്കാൻ സാധ്യമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. കുടിയൊഴിപ്പിക്കൽ ബാധിക്കുന്ന കർഷകരിൽ വലിയൊരു വിഭാഗം ആദിവാസികളും ദളിതരും ഏറ്റവും പിന്നോക്ക വിഭാഗങ്ങളുമാണ്. ഇന്ത്യൻ ഭരണവർഗം നടപ്പാക്കുന്ന ക്രൂരമായ വനഭരണ വ്യവസ്ഥയുടെ പ്രതിഫലന'മാണെന്നും അഖിലേന്ത്യാ കിസാൻ സഭ കുറ്റപ്പെടുത്തി.

വനാവകാശ നിയമത്തിലെ പരമ്പരാഗത വനവാസികൾ എന്ന നിർവചനം ബാധകമായവരാണ് ഈ പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ജനവിഭാഗമെന്നും അഖിലേന്ത്യാ കിസാൻ സഭ ചൂണ്ടിക്കാണിക്കുന്നു. 'വനപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ ഇവിടെ താമസവും കൃഷിയും ഉണ്ടായിരുന്നുവെന്ന് ചരിത്രരേഖകൾ തെളിയിക്കുന്നു. തർക്കമുള്ള ഈ പ്രദേശത്തെ റവന്യൂ രേഖകൾ, സമീൻ രേഖകൾ, ചരിത്രപരമായ ഭൂപടങ്ങൾ, സെൻസസ് വിവരങ്ങൾ എന്നിവയെല്ലാം ഈ സ്ഥലം പിന്നീട് റിസർവ് ഫോറസ്റ്റായും വന്യജീവി സങ്കേതമായും പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പുതന്നെ ജനങ്ങൾ ഇവിടെ ജീവിച്ചും കൃഷി ചെയ്തുമിരുന്നുവെന്ന് വ്യക്തമാക്കുന്നു'വെന്നും എഐകെഎസ് വ്യക്തമാക്കുന്നുണ്ട്. വനാവകാശനിയമത്തെ അക്ഷരാർത്ഥത്തിൽ ലംഘിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ഉദ്യോഗസ്ഥരുടെ നടപടികളെന്നും അഖിലേന്ത്യാ കിസാൻ സഭ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്. അംഗീകാരവും പരിശോധനാ നടപടിക്രമവും പൂർത്തിയാകുന്നതുവരെ തങ്ങളുടെ അധീനതയിലുള്ള വനഭൂമിയിൽ നിന്ന് വനവാസികളെ ഒഴിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യരുതെന്ന് വനാവകാശ നിയമം വ്യക്തമായി പറയുന്നുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ആദിവാസികളെയും മറ്റ് പരമ്പരാഗത വനവാസികളെയും വനാവകാശ നിയമവും മറ്റ് നിയമങ്ങളും ലംഘിച്ച് അടിച്ചമർത്തുന്നതിലും കൈകാര്യം ചെയ്യുന്നതിലും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ദുഷ്കീർത്തിയുണ്ടെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്.

'നിയമത്തോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രതികാരപരമായ അവജ്ഞയും വനവിഭവങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയും ആണ് ശ്രീവില്ലിപുത്തൂർ-മേഘമലൈ കടുവ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും കളക്കാട്-മുണ്ടന്തുറൈ കടുവ സങ്കേതത്തിലും നടക്കുന്ന ഒഴിപ്പിക്കൽ ശ്രമങ്ങളുടെ മൂലകാരണ'മന്നും എഐകെഎസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്. വനാവകാശ നിയമപ്രകാരം നിയമപരമായ അധികാരമുള്ള ഗ്രാമസഭയോട് ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് യാതൊരു ബഹുമാനവുമില്ലെന്നും എഐകെഎസ് കുറ്റപ്പെടുത്തി. 'ഇന്ത്യയിൽ കടുവ സങ്കേതങ്ങൾ സ്ഥാപിക്കുന്നതിൽ വനാവകാശ നിയമത്തിന്റെയും വന്യജീവി സംരക്ഷണ നിയമത്തിന്റെയും ഗുരുതരമായ ലംഘനങ്ങളും ശ്രദ്ധേയമാണ്. വനാവകാശ നിയമവുമായും വന്യജീവി സംരക്ഷണ നിയമവുമായും ബന്ധപ്പെട്ട നിരവധി കേസുകളിൽ നിയമം ലംഘിക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ജുഡീഷ്യറിയിലെ ഒരു വിഭാഗം വെളുപ്പിക്കാനും ന്യായീകരിക്കാനും തിടുക്കം കൂട്ടുന്നു'വെന്നും അഖിലേന്ത്യാ കിസാൻ സഭ കുറ്റപ്പെടുത്തി. ഉന്നത കോടതികൾ കൊളോണിയൽ വനഭരണ പാരമ്പര്യത്തെയല്ല മറിച്ച് ഭരണഘടനാ ധാർമ്മികതയെയാണ് പിന്തുടരേണ്ടതെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു.

മേഘമലൈ-വരുശനാട് പ്രദേശങ്ങളിൽ വനാവകാശ നിയമം നടപ്പാക്കാൻ തമിഴ്‌നാട് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി വനാവകാശ നിയമത്തെ അതിന്റെ യഥാർത്ഥ അന്തസത്തയോടെ ഉയർത്തിപ്പിടിക്കണമെന്നും എഐകെഎസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വനപ്രദേശങ്ങളിൽ നിന്ന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്നതിനെതിരെ ചെറുത്തുനിൽക്കാനും വനാവകാശ നിയമത്തെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യവിഭാഗങ്ങളോടും എഐകെഎസ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights: AIKS opposes the eviction of tribal settlers in Theni’s Meghamalai-Varushanad region, alleging that the Forest Rights Act is being undermined in practice.

dot image
To advertise here,contact us
dot image