

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനും മറുപടിയുമായി തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍. കണ്ണൂരില്‍ നടന്ന പൊതുയോഗത്തില്‍ പിണറായി വിജയന്‍ തോല്‍വിയുടെ കാര്യങ്ങള്‍ മിണ്ടിയില്ലെന്നും പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലത്തിലെ തോല്‍വിയില്‍ സ്ഥാനാര്‍ത്ഥികളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഇത് ഏത് പാര്‍ട്ടി രീതിയാണെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം.
'തെറ്റ് കണ്ടെത്തി തിരുത്തും എന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ സംഘടനാ മീറ്റിംഗുകളും നടത്തി. ഭയമില്ലാതെ ആര്‍ക്കും തുറന്നു പറയാം എന്നാണ് അന്ന് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് പിണറായി വിജയന്റെ പ്രസംഗം. ജനങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നാണ് പറഞ്ഞത്. തളിപ്പറമ്പും പയ്യന്നൂരും മാത്രമാണോ പരാജയം ഉണ്ടായത്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒരു പരിപാടിക്കും വരാത്ത പിണറായി വിജയന്‍ രണ്ട് പരിപാടിക്കാണ് തളിപ്പറമ്പ് എത്തിയത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്', ടി കെ ഗോവിന്ദന്‍ പറഞ്ഞു.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് താനൊക്കെ ചേര്‍ന്നാണെന്നും തനിക്കൊരു തെറ്റും പറ്റിയിട്ടില്ലെന്ന മനോഭാവമായിരുന്നു പിണറായി വിജയനെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി തെറ്റ് തിരുത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയെ കൊണ്ട് പൂരപ്പാട്ട് പാടിപ്പിച്ചെന്നും ടി കെ ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കണ്ടേയെന്നും ആറ് റൗണ്ടില്‍ പിറകില്‍ ആയിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ പരിഹസിച്ചു.
'ആ ജനങ്ങള്‍ എന്തുകൊണ്ടാണ് പിണറായിക്ക് വോട്ട് ചെയ്യാത്തത്. ആ ജനങ്ങള്‍ക്ക് തെറ്റി പറ്റിയെന്നു പറയാത്തത് എന്താണ്. അനുഭവസമ്പത്തുള്ളവര്‍ തോറ്റ് തുന്നം പാടുമ്പോള്‍ അതിന്റെ കാരണം അല്ലേ കണ്ടത്തേണ്ടത്. കെ കെ രാഗേഷിന്റെ പ്രസംഗം വിചിത്രമാണ്. വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ അദ്ദേഹം സ്വയം കണ്ണാടി നോക്കണം ആയിരുന്നു. ജില്ലാ സെക്രട്ടറിയെ വ്യക്തിപരമായി അപമാനിക്കാനില്ല. എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റ് നാല് വിരലും അയാള്‍ക്ക് നേരെ ആണെന്ന് ഓര്‍ക്കണം. കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വരുമ്പോഴും ഇപ്പോഴും ഉള്ള സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കട്ടെ. എന്റെയും പരിശോധിച്ചോളൂ. എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. അതിന് ജില്ലാ സെക്രട്ടറി ഇടയാക്കരുത്', ടി കെ ഗോവിന്ദന്‍ പറഞ്ഞു.
തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് പിന്നോട്ട് പോകാന്‍ കഴിയുമോയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. തന്നെ വ്യക്തിഹത്യ നടത്തിയത് കൊണ്ട് പാര്‍ട്ടി രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. വീണ ടിക്കെതിരായ ഇ ഡി കേസിനെ കുറിച്ചും ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു. ഇ ഡി കേസില്‍ ഒരക്ഷരം മിണ്ടിയില്ലല്ലോയെന്നും അത് ജനങ്ങളോട് വിശദീകരിക്കണ്ടേയെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു. 'രാഗേഷും പിണറായിയും മിണ്ടിയില്ലല്ലോ. ഞങ്ങള്‍ എങ്ങനെയാണ് വര്‍ഗവഞ്ചകരാവുക. ആടിനെ പട്ടി ആക്കുന്ന സമീപനമാണ് നിങ്ങള്‍ക്ക്. പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയവരില്ലേ. അവരാണ് വര്‍ഗവഞ്ചകര്‍', ടി കെ ഗോവിന്ദന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയായി എത്തുമ്പോള്‍ കെ കെ രാഗേഷ് മുന്‍പ് ഏതെങ്കിലും ഏരിയ, ബ്രാഞ്ച് സെക്രട്ടറി ആയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കെ കെ രാഗേഷ് മുകളില്‍ നിന്നും കെട്ടി ഇറക്കിയ ആളാണെന്നും എംപി ആകാന്‍ കണ്ണൂരില്‍ മത്സരിച്ച് തോറ്റയാളാണെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. അയാളുടെ ജനസമ്മതി അതില്‍ തന്നെ കണ്ടല്ലോ. ആരുടെയെല്ലാം കാലുപിടിച്ചാണ് രാജ്യസഭാ എം പി ആയത്. നേരെ വന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി. അവിടെ നിന്നും നേരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആക്കി. എന്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാറ്റിയതെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു.
'ഇതെല്ലാം അങ്ങാടിയില്‍ പാട്ടല്ലേ. ഇതെല്ലാം ജനങ്ങള്‍ കാണണം. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനായി കണ്ണൂര്‍ വിസി ക്ക് കാലാവധി നീട്ടി കൊടുത്തു. ഓരോരുത്തരെ കുറിച്ചും പറയാന്‍ എനിക്ക് ഒരുപാട് കഥകള്‍ ഉണ്ട്. അതൊന്നും പറയിപ്പിക്കരുത്. പള്ളി വികാരികളെ ചാട്ടവാറുകൊണ്ട് അടിക്കണം എന്ന് പറഞ്ഞ ആളാണ് കെ കെ രാഗേഷ്. അയാളുടെ മക്കളുടെ കാര്യം വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് അന്വേഷിച്ചാല്‍ മതി. ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ്. അതൊരു ജീവിതചര്യ ആണ്. ഒരാളെ കുറിച്ച് എന്തും വിളിച്ചു പറയാം എന്ന് കരുതരുത്', ടി കെ ഗോവിന്ദന്‍ പറഞ്ഞു.
തന്നെ കൊണ്ട് പറയിപ്പിക്കാന്‍ ആണ് കെ കെ രാഗേഷിന്റെ ഉറഞ്ഞു തുള്ളലെന്നും അദ്ദേഹം വിമർശിച്ചു. ഇവരെ നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് പിണറായിക്ക് പറ്റാത്തത്. തെറ്റ് കണ്ടാല്‍ തിരുത്തിക്കുന്ന ആളായിരുന്നു പിണറായി വിജയന്‍. ഇപ്പോള്‍ എന്തുകൊണ്ടാണ് അതിന് മുതിരാത്തത്. തെറ്റിന് നേതൃത്വം നല്‍കുന്ന ആളായി മാറിയോ പിണറായി വിജയനെന്നും അദ്ദേഹം ചോദിച്ചു.
Content Highlights:
Taliparamba MLA T K Govindan has issued a response to Opposition Leader Pinarayi Vijayan and CPI(M) Kannur district secretary K K Ragesh