മുന്നിൽ വലിയ മല...അതിനിടയിൽ ഇരുണ്ടൊരു തുരങ്കമുഖം..ലോകത്തിലെ അത്ഭുതകരമായ 8 റോഡുകൾ

ഭൂമിക്കടിയിലൂടെ ഒരു യാത്ര പോയാലോ?.ലോകത്തിലെ അത്ഭുതപ്പെടുത്തുന്ന 8 റോഡുകളെക്കുറിച്ച് അറിയാം

മുന്നിൽ വലിയ മല...അതിനിടയിൽ ഇരുണ്ടൊരു തുരങ്കമുഖം..ലോകത്തിലെ അത്ഭുതകരമായ 8 റോഡുകൾ
dot image

മുന്നില്‍ വലിയ മല. അതിനിടയില്‍ ഇരുണ്ടൊരു തുരങ്കമുഖം. കാറുമായി അതിലേക്ക് കയറുമ്പോള്‍ ചുറ്റും കാണുന്നത് പാറകള്‍ മാത്രം. കുറച്ചുദൂരം മുന്നോട്ട് പോയാല്‍ പുറംലോകം അപ്രത്യക്ഷമാകും. പകരം ഭൂമിക്കടിയിലൂടെയുള്ള ഒരു വിചിത്ര യാത്ര.
റോഡ് എന്ന് കേള്‍ക്കുമ്പോള്‍ ഭൂമിയുടെ മുകളിലൂടെ പോകുന്ന പാതകളാണ് നമ്മുടെ മനസിലെത്തുക. എന്നാല്‍ ലോകത്ത് മലകള്‍ തുരന്നും കടലിനടിയിലൂടെയും നഗരങ്ങള്‍ക്ക് താഴെക്കൂടെയും വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകളുണ്ട്.

ചിലത് കിലോമീറ്ററുകള്‍ നീളുന്നു. ചിലത് കടല്‍നിരപ്പില്‍ നിന്ന് നൂറുകണക്കിന് മീറ്റര്‍ താഴെയാണ്. മറ്റുചിലത് മനുഷ്യര്‍ വലിയ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ മല തുരന്നുണ്ടാക്കിയവയാണ്. കാഴ്ചയില്‍ ഒരു തുരങ്കം മാത്രം. പക്ഷേ ഓരോന്നിനും പിന്നില്‍ മനുഷ്യന്റെ ധൈര്യത്തിന്റെയും എന്‍ജിനീയറിങ് മികവിന്റെയും വലിയ കഥകളുണ്ട്. ലോകത്തിലെ അത്തരത്തിലുള്ള അത്ഭുതം നിറഞ്ഞ 8 റോഡുകള്‍ പരിചയപ്പെടാം.

ഭൂമിക്കടിയില്‍ 24.5 കിലോമീറ്റര്‍ നീളമുള്ള റോഡ്

ഒന്ന് ചിന്തിച്ചുനോക്കൂ… നിങ്ങള്‍ കാറില്‍ യാത്ര തുടങ്ങുന്നു. ഒരു തുരങ്കത്തിലേക്ക് പ്രവേശിക്കുന്നു. പിന്നെ കിലോമീറ്ററുകളോളം പുറത്തുള്ള ലോകം കാണാനില്ല. മലയുടെ ഉള്ളിലൂടെ മാത്രം യാത്ര. അത്തരത്തിലൊരു യാത്രനുഭവമാണ് ഇവിടെ ലഭിക്കുന്നത്. നോര്‍വേയിലെ ലാര്‍ഡല്‍ ടണല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലാണ്. നീളം കേട്ടാല്‍ തന്നെ അമ്പരക്കും. 24.5 കിലോമീറ്റര്‍. ലാര്‍ഡലിനെയും ഓര്‍ലന്‍ഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡ് നോര്‍വേയിലെ മലനിരകളുടെ ഉള്ളിലൂടെയാണ് കടന്നുപോകുന്നത്. യാത്രക്കാരുടെ ഏകാന്തത കുറയ്ക്കുന്നതിനായി ടണലിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേക രീതിയിലുള്ള ലൈറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

8 Amazing Roads in the World

ആല്‍പ്‌സിന്റെ ഹൃദയത്തിലൂടെ ഒരു യാത്ര

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗോട്ട്ഹാര്‍ഡ് ബേസ് ടണല്‍ ആല്‍പ്‌സ് മലനിരകളുടെ അടിയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 57 കിലോമീറ്റര്‍ നീളമുള്ള ഈ ടണല്‍ വടക്കന്‍ യൂറോപ്പിനെയും തെക്കന്‍ യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലൊന്നാണ്. പുറത്തുനിന്ന് നോക്കിയാല്‍ ഒരു മല മാത്രം. എന്നാല്‍ ആ മലയുടെ അടിയിലൂടെ ഇത്രയും നീളത്തില്‍ മനുഷ്യന്‍ പാതയൊരുക്കിയിരിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

8 Amazing Roads in the World

കടലിന്റെ അടിയില്‍ 292 മീറ്റര്‍ താഴെ

റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കടലിനടിയിലൂടെ പോകാന്‍ കഴിയുമോ? നോര്‍വേയിലെ റൈഫില്‍കെ ടണലില്‍ അത് സാധിക്കും. 14.4 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ടണല്‍ കടല്‍നിരപ്പില്‍ നിന്ന് 292 മീറ്റര്‍ വരെ താഴേക്ക് പോകുന്നു. 2019-ല്‍ തുറന്ന ഈ ടണല്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയതും ആഴമേറിയതുമായ സമുദ്രാന്തര്‍ റോഡ് ടണലുകളില്‍ ഒന്നാണ്. അതായത് നിങ്ങള്‍ കാറോടിച്ച് പോകുമ്പോള്‍ മുകളിലായി കടലും അതിനടിയില്‍ നിങ്ങള്‍ സഞ്ചരിക്കുന്ന റോഡും. അത്ഭുതകരമായ അനുഭവം തന്നെയായിരിക്കും അത്.

8 Amazing Roads in the World

കടലിന് മുകളിലൂടെയും കടലിനടിയിലൂടെയും

ജപ്പാനിലെ ടോക്കിയോ ബേ അക്വാ-ലൈന്‍ ഒരു റോഡ് മാത്രമല്ല യാത്രയ്ക്കിടെ രണ്ട് വ്യത്യസ്ത ലോകങ്ങളിലൂടെ കടന്നുപോകുന്ന അനുഭവമാണ് നല്‍കുന്നത്. ഏകദേശം 9.5 കിലോമീറ്റര്‍ നീളമുള്ള ഈ പാതയുടെ ഒരു ഭാഗം പാലവും മറ്റൊരു ഭാഗം കടലിനടിയിലൂടെയുള്ള ടണലുമാണ്. കവാസാക്കിയെയും കിസാരാസുവിനെയും ബന്ധിപ്പിക്കുന്ന ഈ പാതയില്‍ കടലിനിടയില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപിലെ വിശ്രമകേന്ദ്രവും പ്രത്യേക ആകര്‍ഷണമാണ്. ഒരു വശത്ത് നീലക്കടല്‍, പിന്നെ പെട്ടെന്ന് ഭൂമിക്കടിയിലേക്കും പോകാം. യാത്രയുടെ രസമൊന്ന് വേറെ തന്നെയാണ്.

കടലിനടിയിലെ മറ്റൊരു അത്ഭുതം

നോര്‍വേയിലെ തന്നെ ഐക്‌സുണ്ട് ടണല്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 287 മീറ്റര്‍ താഴെയാണ്. കടലിനടിയിലൂടെ റോഡ് നിര്‍മ്മിക്കുക എന്നത് എത്ര വലിയ സാങ്കേതിക വെല്ലുവിളിയാണെന്ന് ഇതിന്റെ ആഴത്തെക്കുറിച്ച് ചിന്തിച്ചാല്‍ത്തന്നെ മനസ്സിലാകും. മുകളില്‍ കടല്‍, താഴെ റോഡ്. ആ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോകുന്നു. സിനിമയിലെ രംഗം പോലെ തോന്നുമെങ്കിലും ഇത് യാഥാര്‍ഥ്യമാണ്.

8 Amazing Roads in the World

യന്ത്രങ്ങളല്ലാതെ 13 ഗ്രാമവാസികള്‍ മല തുരന്നുണ്ടാക്കിയ റോഡ്

ഈ പട്ടികയില്‍ ഏറ്റവും കൗതുകം നിറഞ്ഞത് റോഡ് ഒരുപക്ഷേ ചൈനയിലെ ഗുവോലിയാങ് ടണലായിരിക്കും. വലിയ ആധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ മല തുരന്ന് പാതയുണ്ടാക്കുക എന്നത് എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ. 1970 കളില്‍ 13 ഗ്രാമവാസികള്‍ ചേര്‍ന്നാണ് തായ്ഹാങ് മലനിരകളില്‍ ഈ ടണല്‍ നിര്‍മ്മിച്ചത്. ടണലിന് ഏകദേശം 4 മീറ്റര്‍ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളില്‍ സുരക്ഷാ വേലികളില്ലാത്ത ഭാഗങ്ങളും കാണാം. പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ജനല്‍പോലുള്ള ഭാഗങ്ങളിലൂടെ താഴെയുള്ള കുത്തനെയുള്ള മലനിരകളും കാണാം. അതുകൊണ്ടുതന്നെ ഗുവോലിയാങ് ടണലിലൂടെയുള്ള യാത്രയില്‍ ചെറിയൊരു സാഹസികതയുടെ ആവേശവും ഉണ്ടാകും.

8 Amazing Roads in the World

യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് ഒരു യാത്ര

തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ലോകത്തിലെ ഏറ്റവും കൗതുകകരമായ ഭൂഗര്‍ഭ റോഡുകളിലൊന്നുള്ളത്. യൂറേഷ്യ ടണല്‍ യൂറോപ്പിനെയും ഏഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ബോസ്ഫറസ് കടലിടുക്കിന് അടിയിലൂടെയാണ് ടണല്‍ കടന്നുപോകുന്നത്. അതിന്റെ ഒരു ഭാഗം കടല്‍നിരപ്പില്‍ നിന്ന് ഏകദേശം 106 മീറ്റര്‍ താഴെയാണ്. അതായത് ഒരേ നഗരത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് പോകുമ്പോള്‍ കടലിന് മുകളിലൂടെ മാത്രമല്ല അതിന്റെ അടിയിലൂടെയും യാത്ര ചെയ്യാം.

ആല്‍പ്‌സ് പര്‍വ്വതനിരയുടെ അടിയിലൂടെ ഫ്രാന്‍സില്‍ നിന്ന് ഇറ്റലിയിലേക്ക് ഒരു യാത്ര

ഫ്രാന്‍സിലെ ഷമോണിയെയും ഇറ്റലിയിലെ കോര്‍മയൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മോണ്ട് ബ്ലാങ്ക് ടണല്‍ ആല്‍പ്‌സ് മലനിരകളുടെ അടിയിലൂടെയാണ് കടന്നുപോകുന്നത്. മഞ്ഞുമലകളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ രണ്ട് പ്രദേശങ്ങള്‍ക്കിടയില്‍ മലയുടെ ഉള്ളിലൂടെയാണ് ഈ മനോഹരമായ റോഡ് കടന്നുപോകുന്നത്.

Content Highlights :There are roads across the world where vehicles travel by tunneling through mountains, passing under the sea, and running beneath cities. Eight amazing roads of the world.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image