

യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നീ ജിസിസി രാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ നിർമ്മിത ബുദ്ധി വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട്. പ്രമുഖ മാനേജ്‌മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ 'എ.ഐ അറ്റ് വർക്ക്' എന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജിസിസി രാജ്യങ്ങളിലെ 93 ശതമാനം മുൻനിര ജീവനക്കാരും എഐ സാങ്കേതികവിദ്യകൾ ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. മാനേജർമാരുടെയും ലീഡർമാരുടെയും ഇടയിൽ ഇത് 95 ശതമാനമാണ്. ആഗോളതലത്തിൽ മുൻനിര ജീവനക്കാരുടെ ശരാശരി എഐ ഉപയോഗം 74 ശതമാനം മാത്രമായിരിക്കെയാണ് ജിസിസിയിലെ ഈ വൻ കുതിച്ചുചാട്ടം.
തൊഴിലിടങ്ങളിലെ എഐ ഉപയോഗം കാരണം ജീവനക്കാർക്ക് ലഭിക്കുന്ന സമയലാഭമാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ജിസിസിയിലെ 58 ശതമാനം ജീവനക്കാർക്കും എഐ വഴി ആഴ്ചയിൽ കുറഞ്ഞത് എട്ട് മണിക്കൂറിലധികം സമയം ലാഭിക്കാൻ സാധിക്കുന്നുണ്ട്. മാനേജർമാരുടെ കാര്യത്തിൽ 67 ശതമാനം പേരും ഇത്തരത്തിൽ വലിയ രീതിയിൽ സമയം ലാഭിക്കുന്നതായി വ്യക്തമാക്കുന്നു. ജോലിഭാരം കുറഞ്ഞതോടെ ജോലി ചെയ്യുന്നതിലുള്ള സംതൃപ്തിയും സന്തോഷവും വർദ്ധിച്ചതായി 69 ശതമാനം ജീവനക്കാരും 77 ശതമാനം മാനേജർമാരും സാക്ഷ്യപ്പെടുത്തുന്നു.
എഐയുടെ വ്യാപകമായ കടന്നുവരവ് ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ പ്രതീക്ഷിക്കുന്ന കഴിവുകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തങ്ങളുടെ തൊഴിൽ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യങ്ങളിൽ എഐ മാറ്റം വരുത്തിയതായി 85 ശതമാനം മുൻനിര ജീവനക്കാരും 92 ശതമാനം മാനേജർമാരും അഭിപ്രായപ്പെടുന്നു.
കേവലം പരീക്ഷണാടിസ്ഥാനത്തിലല്ലാതെ സാങ്കേതികവിദ്യയെ ദൈനംദിന ജോലിയിൽ പൂർണ്ണമായും ഉൾപ്പെടുത്താൻ ജിസിസി മേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ബിസിജി എക്സ് മാനേജിംഗ് ഡയറക്ടർ റോബർട്ട് ഷു പറഞ്ഞു. ജീവനക്കാരുടെ എഐ പരിജ്ഞാനം വർദ്ധിപ്പിക്കാൻ സ്ഥാപനങ്ങൾ നടത്തുന്ന നിക്ഷേപങ്ങളാണ് ഉത്പ്പാദനക്ഷമത കൂട്ടുന്നതിലും വിപണിയിൽ മുന്നിലെത്തുന്നതിലും നിർണ്ണായകമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: AI is expected to bring major changes to workplaces across the Gulf region. Over the next three years, more than half of jobs could be affected by AI-driven automation, reshaping workforce requirements and the future of employment.