കാന്തപുരത്തിന്റെ പ്രസ്താവനയിൽ യുഡിഎഫിൽ ഭിന്നത; പരാമ‍‍ർശം വിവാദമാക്കേണ്ടതില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് കാന്തപുരത്തിന്റെ അഭിപ്രായമെന്ന സാദിഖലി തങ്ങളുടെ പ്രതികരണത്തെ പിന്തുണച്ച് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്തെത്തി

കാന്തപുരത്തിന്റെ പ്രസ്താവനയിൽ യുഡിഎഫിൽ ഭിന്നത; പരാമ‍‍ർശം വിവാദമാക്കേണ്ടതില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ
dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ യുഡിഎഫില്‍ ഭിന്നത. മുഖ്യമന്ത്രി വി ഡി സതീശന്‍ വിമര്‍ശിച്ചിട്ടും കാന്തപുരത്തിന് പിന്തുണ ആവര്‍ത്തിക്കുകയാണ് മുസ്‌ലിം ലീഗ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് കാന്തപുരത്തിന്റെ അഭിപ്രായമെന്ന സാദിഖലി തങ്ങളുടെ പ്രതികരണത്തെ പിന്തുണച്ച് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്തെത്തി.

സാദിഖലി തങ്ങള്‍ എത്ര വലിയ മനുഷ്യനാണെന്നും തങ്ങള്‍ പറയുന്നത് വിവേകപൂര്‍വമായ തീരുമാനങ്ങളാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

നമ്മുടെ നാട്ടില്‍ ധാരാളം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അതിനിടയില്‍ വിവാദത്തിന് പ്രസക്തിയില്ല. ഇത്തരം വിഷയങ്ങള്‍ ഇങ്ങനെ ചര്‍ച്ച ചെയ്ത് പോകേണ്ടതില്ല. ചര്‍ച്ചകള്‍ ഉണ്ടാകും, അഭിപ്രായം പറഞ്ഞ് അത് കൂടുതല്‍ പ്രശ്‌നമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകളില്‍ അഭിപ്രായം പറയാനില്ലെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു. ശാന്തമായിട്ട് കാര്യങ്ങള്‍ പോകട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടിയാണ് സ്ത്രീവിരുദ്ധ പരാമർശത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌‍ലിയാരെ മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയത്. കാന്തപുരത്തിന്റേത് പത്തൊമ്പതാം നൂറ്റാണ്ടിൽ പറയേണ്ട വാദവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനം പദവിക്ക് ചേരുന്നതല്ലെന്ന് എ പി വിഭാഗം എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടേത് ബിജെപി സമ്മർദ്ദത്തെ തുടർന്നുള്ള വിമർശനമാണ്. ഇന്നലെ ബിജെപിയുടെ വിമർശനം വന്നതോടെ ഇത് ഉറപ്പായിരുന്നുവെന്നും എസ് വൈ എസ് ഫേസ്ബുക്കിലൂടെ ആരോപിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്തും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എസ് വൈ എസ് വിമർശിച്ചു.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെച്ചൊല്ലി ഇടത് മുന്നണിയിലും ഭിന്നാഭിപ്രായമാണ്. കാന്തപുരത്തെ ന്യായീകരിച്ച് കെ ടി ജലീലും ടി കെ ഹംസയും ഐഎന്‍എല്‍ നേതാക്കളും രംഗത്തെത്തി. എന്നാല്‍ കാന്തപുരത്തെയും ലീഗിനെയും വിമർശിച്ചുകൊണ്ടായിരുന്നു സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം. കാന്തപുരത്തെ പിന്തുണച്ച ലീഗ് നേതാക്കളെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജയും രംഗത്തെത്തി.

Content Highlights: ET Mohammed Basheer MP has supported Sadiqali Thangal's response that Kanthapuram's remarks were intended to address women's safety

dot image
To advertise here,contact us
dot image