കേരള സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറെ ചുമതലയില്‍ നിന്ന് മാറ്റണം; ആവശ്യവുമായി KSU സെനറ്റ് അംഗം H S ആദർശ്

കേരള സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ സമരത്തിലാണെന്നും ആദര്‍ശ് പറഞ്ഞു

കേരള സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറെ ചുമതലയില്‍ നിന്ന് മാറ്റണം; ആവശ്യവുമായി KSU സെനറ്റ് അംഗം H S ആദർശ്
dot image

തിരുവനന്തപുരം: നിരന്തരം വീഴ്ചകള്‍ സംഭവിച്ചിട്ടും കേരള സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളറെ ചുമതലയില്‍ നിന്നും മാറ്റാത്തതിനെതിരെ കേരള സര്‍വ്വകലാശാലയിലെ കെഎസ്‌യു സെനറ്റ് അംഗം എച്ച് എസ് ആദര്‍ശ്. സര്‍വ്വകലാശാലയില്‍ പിഴവുകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് പിഴവുറ്റതാക്കണമെന്നും നിലവിലെ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളറെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും കേരള സർവ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എച്ച് എസ് ആദര്‍ശ് പരാതി നല്‍കിയത്.

കേരള സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ സമരത്തിലാണെന്നും പരീക്ഷാ നടത്തിപ്പിലെയും മൂല്യനിര്‍ണ്ണയത്തിലെയും ക്രമക്കേടുകളാണ് അവരുടെ സമരത്തിന്റെ അടിസ്ഥാനമെന്നും പരാതിയിൽ ആദര്‍ശ് വ്യക്തമാക്കുന്നത്. സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഫീസ് അടച്ചതിന് ശേഷം മാത്രം പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിലും യൂണിവേഴ്‌സിറ്റി നിരന്തരമായി പഴി കേള്‍ക്കുന്നുണ്ടെന്നും ആദർശ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഈ പരീക്ഷകളെല്ലാം നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേരള സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ക്ക് നേരെ ചോദ്യങ്ങൾ ഉയരുകയോ പ്രസ്തുത വിവാദങ്ങളിൽ വിദ്യാര്‍ത്ഥികൾക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ​ഗൗരവമുള്ള ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്.

സര്‍വ്വകലാശാലയ്ക്ക് കീഴിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പും സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം അനന്തമായി നീളുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് രണ്ടാം സെമസ്റ്റര്‍ ബി എസ്സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ക്കൊപ്പം അവയുടെ ഉത്തരങ്ങളും ഉള്‍പ്പെടുത്തി അച്ചടിച്ച് വിതരണം ചെയ്ത സംഭവം പരീക്ഷാ കണ്‍ട്രോളറുടെ വീഴ്ചയായിട്ടും നടപടിയില്ലാത്തത് ദുരൂഹമാണെന്നും ആദർശ് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights: KSU Senate Member Demands Removal of Kerala University Exam Controller from Post

 

dot image
To advertise here,contact us
dot image