

തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം കോടതി നടപടിക്കെതിരെ പരമോന്നത കോടതിയിൽ ക്യൂറേറ്റിവ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. നിയമോപദേശം ലഭിച്ചതിനുശേഷമാകും തുടര്‍നടപടികളിലേക്ക് കടക്കുക. അധ്യാപകരുടെ ആശങ്ക കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് പരീക്ഷ പാസാകാത്ത അധ്യാപകര്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാവണമെന്ന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും വിവിധ അധ്യാപക സംഘടനകളും സമര്‍പ്പിച്ച 45 ഹര്‍ജികളായിരുന്നു സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങിയ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേട്ടത്.
2012 മാര്‍ച്ച് 31ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് കെ ടെറ്റ് നിര്‍ബന്ധമാക്കരുത്. വിരമിക്കുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ പാസാകണമെന്നുള്ള മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല. വിധി നടപ്പാക്കുന്നതോടെ നെറ്റ്, എംഫില്‍, എംഎഡ്, പിഎച്ച്ഡി അടക്കം ഉയര്‍ന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ കെ ടെറ്റ് പാസാകാതെ ജോലിയില്‍ പ്രവേശിച്ച സംസ്ഥാനത്തെ അരലക്ഷത്തോളം അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും എന്നതാണ് നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍.
Content Highlights: The Kerala government is considering filing a curative petition in the Supreme Court after its review petition concerning K-TET was dismissed. The General Education Department plans to seek legal advice before taking further steps, with the concerns of teachers being cited as a key consideration.