ആവശ്യങ്ങള്‍ അംഗീകരിച്ച് മാനേജ്മെന്റ്; കോതമംഗലം എംഎ കോളജിലെ വിദ്യാർത്ഥി സമരം താത്കാലികമായി അവസാനിപ്പിച്ചു

ഒരാഴ്ചക്കുള്ളില്‍ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്

ആവശ്യങ്ങള്‍ അംഗീകരിച്ച് മാനേജ്മെന്റ്; കോതമംഗലം എംഎ കോളജിലെ വിദ്യാർത്ഥി സമരം താത്കാലികമായി അവസാനിപ്പിച്ചു
dot image

കൊച്ചി: കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയത് ഇയർ ഔട്ട് സമ്പ്രദായത്തിലെ വീഴ്ചയാണെന്ന് ആരോപിച്ച് നടത്തിവന്ന സമരം താത്കാലികമായി പിൻവലിച്ച് വിദ്യാർത്ഥികൾ. വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ പ്രത്യേക സമിതി പരിശോധിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നതിലും ധാരണയായി. ഒരാഴ്ചക്കുള്ളില്‍ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചര്‍ച്ചയ്ക്ക് ശേഷം എസ്എഫ്‌ഐ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്മാര്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളെ കണ്ടത്. അന്വേഷണ കമ്മിറ്റിയില്‍ കോളേജില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തണം, മിര്‍ച്ചിയുടെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം, വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യണം, അന്വേഷണത്തില്‍ പ്രിന്‍സിപ്പാള്‍ ഇടപെടരുത്, ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിയെയും കെടിയു കോഡിനേറ്ററെയും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറ്റി നിര്‍ത്തണം തുടങ്ങിയ പന്ത്രണ്ട് ഇന ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ചിരുന്നത്. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ താല്‍കാലികമായി സമരം പിന്‍വലിച്ചത്. മിര്‍ച്ചിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും കമ്മിറ്റി പരിഗണിക്കും. കൂടാതെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു തരത്തിലുള്ള അച്ചടക്ക നടപടിയും സ്വീകരിക്കില്ലെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കുന്നതിനുമായി നിലവിലെ കോളജ് യൂണിയന്റെ കാലാവധി നീട്ടിനല്‍കാനും തീരുമാനമായിട്ടുണ്ട്.

സമരം താല്‍കാലികമായിട്ടാണ് അവസാനിപ്പിക്കുന്നതെന്നും ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍
അന്യായമായി മാനേജ്മെന്റ് പിന്നോട്ട് പോയാല്‍ അതിശക്തമായി പ്രതികരിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും പറഞ്ഞു.

മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണവുമായി സഹപാഠികള്‍ രംഗത്തെത്തിയിരുന്നു. ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് സഹപാഠികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കയറ്റിയില്ലെന്നും ഇതിലുള്ള മനോവിഷമം നേരിട്ടിരുന്നുവെന്നും സഹപാഠികള്‍ ആരോപിച്ചു. ശനിയാഴ്ചയാണ് എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പുവിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിയായിരുന്നു.

Content Highlights: Kothamangalam MA College Students Temporarily Withdraw Protest

dot image
To advertise here,contact us
dot image