പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തൂവെന്ന് വിസി മോഹനന്‍ കുന്നുമ്മല്‍; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

നിങ്ങള്‍ നന്നായി പഠിച്ച് അറിവ് നേടണം അപ്പോള്‍ നിങ്ങളെ പാറ്റകള്‍ എന്ന് വിളിക്കുന്നവര്‍ ഈയാംപാറ്റകള്‍ ആകുമെന്നും വിസി പറഞ്ഞു

പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തൂവെന്ന് വിസി മോഹനന്‍ കുന്നുമ്മല്‍; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍
dot image

തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍. മത്സരപരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്ന വിജയതാരകം പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ വിദ്യാർത്ഥികളോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

ചടങ്ങിനിടെ സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളോട് പാറ്റകള്‍ അല്ലാത്തവര്‍ ശബ്ദം ഉയര്‍ത്താന്‍ പറഞ്ഞപ്പോള്‍ ആരും പ്രതികരിച്ചില്ല. പല തവണ വിസി ആവശ്യപ്പെട്ടിട്ടും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം ആണ് ശബ്ദമുയര്‍ത്തിയത്. നിങ്ങള്‍ നന്നായി പഠിച്ച് അറിവ് നേടണം അപ്പോള്‍ നിങ്ങളെ പാറ്റകള്‍ എന്ന് വിളിക്കുന്നവര്‍ ഈയാംപാറ്റകള്‍ ആകുമെന്നും വിസി പറഞ്ഞു. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്നും മോഹനന്‍ കുന്നുമ്മല്‍ കൂട്ടിച്ചേർത്തു.

മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരെ സമൂഹം സ്വഭാവഗുണമില്ലാത്തവരായി വിലയിരുത്താന്‍ സാധ്യതയുണ്ടെന്നും അത്തരമൊരു വിലയിരുത്തല്‍ ഒരിക്കല്‍ ഉണ്ടായാല്‍ വ്യക്തിയുടെ മറ്റ് നേട്ടങ്ങളെക്കാള്‍ ആ വിശേഷണം മുന്നില്‍ നില്‍ക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു. പണം മാത്രമല്ല ജീവിതത്തിലെ വിജയത്തിന്റെ അളവുകോലെന്നും സമൂഹത്തിനായി ഒരാള്‍ എന്ത് സംഭാവന ചെയ്യുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈസ് ചാൻസലറുടെ പാറ്റ പരാമർശത്തോട് പിന്നീട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും പ്രതികരിച്ചു. 'മോഹനന്‍ കുന്നുമ്മല്‍ പാറ്റകളെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞത് എന്നറിയില്ല. പാറ്റകളെ എവിടെ നോക്കിയാലും കാണാന്‍ സാധിക്കും. പക്ഷേ സിംഹങ്ങള്‍ അങ്ങനെയല്ല' എന്നായിരുന്നു അര്‍ലേക്കറുടെ പ്രതികരണം. ജന്തര്‍മന്തറിനെ കുറിച്ചോ മറ്റുകാര്യങ്ങളെ കുറിച്ചോ സൂചിപ്പിക്കുന്നില്ല, മികച്ച വ്യക്തി ആയി മാറുക എന്നതാണ് പ്രധാനമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: Kerala University Vice Chancellor Mohanan Kunnummal’s ‘cockroach’ remark at a student event has drawn attention, with Governor Rajendra Vishwanath Arlekar also responding to the controversial statement

dot image
To advertise here,contact us
dot image