

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവുമാണ് മോഹനന്‍ കുന്നുമ്മലിനെതിരെ രംഗത്തെത്തിയത്. പഠിച്ച പണിയെടുക്കാന്‍ കഴിവില്ലാത്തതുകൊണ്ട് ആര്‍എസ്എസിന്റെ കാലുപിടിച്ച് പദവിയില്‍ കടിച്ചു തൂങ്ങാന്‍ സഹായിക്കുന്നതിന് പ്രത്യുപകാരമായി അവരെ സുഖിപ്പിക്കാന്‍ ഇത്തരം ഡയലോഗുകളുമായി ഇറങ്ങുന്ന ഇയാളെ പോലെയുള്ളവര്‍ക്ക് കൊടുക്കേണ്ട മറുപടി എന്താണെന്ന് നല്ല ബോധ്യമുണ്ടെന്ന് ശിവപ്രസാദ് പറഞ്ഞു.
'ഇടക്കാലത്ത് പശുവായിരുന്നു മാതാവ്. മാതാവിനെ സ്നേഹിക്കാന്‍ പോയി പശുവിന്റെ ചവിട്ട് കിട്ടിയിട്ടാണോ എന്നറിയില്ല, ഇപ്പോള്‍ ഒരു മാറ്റം വന്നിട്ടുണ്ട്. പണ്ട് വിഎസ് ചോദിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. 'പശു മാതാവാണെങ്കില്‍ കാള നിന്റെയൊക്കെ അച്ഛനാണോ എന്ന്.' അതിന് ശേഷം സംഘികളുടെ പശു സ്നേഹം കേരളത്തില്‍ കുറച്ച് കുറവുണ്ടായിരുന്നു', ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാരിന്റെ പണവും ആനുകൂല്യങ്ങളും പറ്റുന്ന ഒരുത്തന്‍ ഇങ്ങനെ ആര്‍എസ്എസ് പരിപാടികള്‍ കയറിയിറങ്ങി പ്രസംഗിച്ച് നടക്കുമ്പോഴും നിശബ്ദമായി ഇരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും ആ മനസ്സ് കാണാതെ പോകരുത്. കഴിയുമെങ്കില്‍ ഒരു കേരളശ്രീ നല്‍കി ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞ് കെഎസ്‌യു, എംഎസ്എഫ് നേതാക്കന്മാരെ കൊണ്ട് ന്യായീകരിപ്പിക്കണം. ഈ ദുരന്തത്തെ കേരളം കൈകാര്യം ചെയ്യണമെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.
വായില്‍ തോന്നുന്നത് പറയാന്‍ ഇത് കുന്നുമ്മലിന്റെ വീടല്ലെന്നായിരുന്നു പി എസ് സഞ്ജീവിന്റെ പ്രതികരണം. ഇങ്ങനെയുള്ള വിദ്വേഷ പരാമർശത്തിന് കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഒരെതിര്‍പ്പ് പോലും ഉണ്ടാകില്ലെന്ന ആത്മധൈര്യം വിഷജീവി മോഹനന്‍ കുന്നുമ്മലിനുണ്ടെന്നും സഞ്ജീവ് പറഞ്ഞു. ഇരന്നുകിട്ടിയ കസേരയ്ക്ക് അര്‍ഹനല്ലെന്ന് മോഹനന്‍ കുന്നുമ്മല്‍ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിക്കുന്നുണ്ടല്ലോയെന്നും സഞ്ജീവ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസും ആര്‍എസ്എസും പിന്തുണയ്ക്കുന്ന ഈ വിഷജീവികളെ മൂക്കുകയറിടാന്‍ എസ്എഫ്‌ഐ ഉണ്ടെന്ന് ഓര്‍ത്താല്‍ നല്ലതായിരിക്കും. കെഎസ്‌യു, എംഎസ്എഫ് ഏമാന്മാര്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടു എന്ന് കൂടി അറിയാന്‍ കഴിഞ്ഞു. ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ അറിയിക്കുന്നുവെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശം. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം പാടുന്നതെന്നും അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്നുമായിരുന്നു മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞത്. വന്ദേമാതരം ആലപിക്കാന്‍ തയ്യാറാകാത്തവരും നിലപാട് മാറ്റും. ഈ നാട് മാറുകയാണ്. കഴിഞ്ഞ നല്ല കാലത്തേക്ക് നമ്മള്‍ തിരിച്ച് പോകുകയാണെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞിരുന്നു. മോഹനന്‍ കുന്നുമ്മലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
Content Highlights- SFI leaders M Shivaprasad and PS Sanjeev have strongly criticised Kerala Vice Chancellor Mohanan Kunnumal