

തിരുവനന്തപുരം: 'ആസാദി' എന്ന വാക്കുകൊണ്ട് ശരിക്കും അർത്ഥമാക്കിയത് ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമുള്ള സ്വാതന്ത്ര്യമല്ലെന്നും ഭീതിയിൽ നിന്നുള്ള മോചനമാണ് യഥാർഥ സ്വാതന്ത്ര്യമാണെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ്. ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഐഷി ഘോഷ്.
ആസാദിയെന്ന മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് നമ്മൾ പിന്നോട്ട് പോകരുത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾ ഈ രാജ്യത്ത് ഉണ്ട്. ഭരണഘടനയിലും സമത്വത്തിലും വിശ്വസിക്കുന്നവരാണ് ആസാദി എന്ന മുദ്രാവാക്യം വിളിക്കുന്നത്. എല്ലാവരും ഭയരഹിതമായി ജീവിക്കുന്നതാണ് ആസാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
ന്യായമായ കൂലി കിട്ടേണ്ട കർഷകരുടെ സ്വാതന്ത്ര്യം, സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം അങ്ങനെ നിരവധി വാഗ്ദാനങ്ങൾ 79 വർഷം മുൻപ് നൽകിയിരുന്നുവെന്ന് ഐഷി ഘോഷ് ചൂണ്ടിക്കാണിച്ചു. ആ വാഗ്ദാനം നടപ്പിലാക്കലാണ് യഥാർഥ സ്വാതന്ത്ര്യം. യുവജനങ്ങൾക്ക് ജോലിയും അതിനുള്ള സാമൂഹിക സാഹചര്യം ഒരുക്കുകയും ചെയ്യുന്നതാണ് സ്വാതന്ത്ര്യമെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു. പുന്നപ്ര-വയലാർ സമരത്തെയും പ്രസംഗത്തിൽ ഐഷി ഘോഷ് ഓർമ്മപ്പെടുത്തി. വിവിധ തരത്തിലുള്ള പോരാട്ടങ്ങൾ രാജ്യം കണ്ടു. ഒരാൾ മാത്രം നേടി തന്നതല്ല ഇന്ത്യൻ സ്വാതന്ത്ര്യം. ജനങ്ങളുടെ കൂട്ടായ പരിശ്രമമാണ് അതിലുള്ളത്. പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യ സമരമാണെന്നും ഐഷി ഷോഷ് പറഞ്ഞു. സാക്ഷരതാ പ്രസ്ഥാനം അടക്കം പിന്നീട് കേരളത്തെ മുന്നേറ്റത്തിലേക്ക് നയിച്ചുവെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.
2014 ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ തെറ്റായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നുവെന്നും ഐഷി ഘോഷ് വിമർശിച്ചു. രാജ്യത്തെ തൊഴിലാളികൾ ലേബർ കോഡിനെതിരെ പോരാടുന്നത് നമ്മൾ കാണണം. കർഷക സമരത്തിൽ എന്താണ് നടന്നത് എന്ന് നമ്മൾ കാണണം. വിദ്യാർത്ഥികളും യുവജനങ്ങളും കഴിഞ്ഞ 12 വർഷമായി വഞ്ചിക്കപ്പെടുകയാണ്. പിന്നീടവർ പറഞ്ഞു ഒരടി ഞങ്ങൾ പിന്നോട്ടു പോകാൻ തയ്യാറല്ലെന്ന്. സമൂഹത്തിൽ മാറ്റമുണ്ടാകുന്നതുവരെ പോരാടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞുവെന്നും ഐഷി ഘോഷ് വ്യക്തമാക്കി. ജനങ്ങളെ വിഭജിക്കുക മാത്രമാണ് ആർഎസ്എസിന്റെ ഏക അജണ്ടയെന്നും ഐഷി ഘോഷ് വിമർശിച്ചു. ഭാഷയുടെ പേരിലും മതത്തിൻറെ പേരിലും ജനങ്ങളെ വേർതിരിക്കുന്നു. പോരാട്ടത്തിന് ഇറങ്ങുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിൽ അടയ്ക്കുന്നുവെന്നും ഐഷി ഘോഷ് വിമർശിച്ചു.
Content Highlights: Aishe Ghosh said that those who believe in the Constitution and equality are the ones who raise the 'Azadi' slogan, making a strong statement on constitutional values and democratic rights.