'വിസിയുടെ നിലപാട് കടുത്ത ആശയപാപ്പരത്തവും സംസ്‌കാരശൂന്യവുമാണ്'; മോഹനന്‍ കുന്നുമ്മലിനെതിരെ എഐഎസ്എഫ്

വി സിയുടെ പരാമര്‍ശം പദവിയുടെ അന്തസ്സിനും സര്‍വകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും എഐഎസ്എഫ്

'വിസിയുടെ നിലപാട് കടുത്ത ആശയപാപ്പരത്തവും സംസ്‌കാരശൂന്യവുമാണ്'; മോഹനന്‍ കുന്നുമ്മലിനെതിരെ എഐഎസ്എഫ്
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിൻ്റെ വിവാദ പരാമര്‍ശത്തിനെതിരെ എഐഎസ്എഫ് രംഗത്ത്. വന്ദേമാതരം പൂര്‍ണ്ണ ആലാപനത്തെ എതിര്‍ക്കുന്നവരെ ആക്ഷേപിച്ച വിസിയുടെ നടപടി സംസ്‌കാരശൂന്യമെന്ന് എഐഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വി സിയുടെ പരാമര്‍ശം പദവിയുടെ അന്തസ്സിനും സര്‍വകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും ചരിത്രത്തെ ഏകപക്ഷീയമായി സമീപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും എഐഎസ്എഫ് വ്യക്തമാക്കി.

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നവരെ 'അമ്മയാരെന്ന് അറിയാത്തവര്‍' എന്ന തരത്തില്‍ അധിക്ഷേപിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സംസ്‌കാരശൂന്യവും അത്യന്തം അപലപനീയവുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഉന്നത പദവി വഹിക്കുന്ന ഒരാള്‍ ആര്‍എസ്എസ് പോലുള്ള സംഘടനയുടെ രാഷ്ട്രീയ വേദിയില്‍ പങ്കെടുക്കുകയും അവിടെ വെച്ച് വ്യത്യസ്ത നിലപാടുള്ളവരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തുകയും ചെയ്തത് വൈസ് ചാന്‍സലര്‍ പദവിയുടെ അന്തസ്സിനും സര്‍വകലാശാലയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും എഐഎസ്എഫ് വ്യക്തമാക്കിയിട്ടുണ്ട്.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയും മത-വംശീയ വിഭജനത്തിന്റെ പ്രത്യയശാസ്ത്രം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തുകൊണ്ട് രാജ്യസ്‌നേഹത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്ന കേരള സര്‍വകലാശാല വിസിയുടെ നിലപാട് കടുത്ത ആശയപാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു. സര്‍വകലാശാലയുടെ അക്കാദമിക സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള വ്യക്തി ഇത്തരം രാഷ്ട്രീയ വേദികളില്‍ പങ്കെടുത്ത് ചരിത്രത്തെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പുനര്‍വായിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജനാധിപത്യ കേരളം വിഷയത്തില്‍ ശക്തമായി പ്രതികരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം മണിവിളയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച 'സങ്കല്‍പ് 2026 യുവസംഗമ'ത്തിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിവാദ പരാമര്‍ശം നടത്തിയത്. പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് മോഹനന്‍ കുന്നുമ്മല്‍ ആണ്. മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്നായിരുന്നു മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്ന വിവാദ പരാമര്‍ശവും മോഹനന്‍ കുന്നുമ്മല്‍ നടത്തി. 'വന്ദേമാതരം' എന്ന് പറഞ്ഞാണ് മോഹനന്‍ കുന്നുമ്മല്‍ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlights: AISF Protests Against Controversial Remarks by Kerala University VC Mohanan Kunnummal

dot image
To advertise here,contact us
dot image