

ഗാലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കരുത്തുകാട്ടുന്നു. ഒന്നാംദിനം അവസാനിക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. കെഎല്‍ രാഹുലും (77) മികച്ച പ്രകടനം നടത്തി. സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ രാഹുല്‍ പരിക്കേറ്റ് മടങ്ങി. കൈയിന് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദന സഹിച്ചാണ് താരം മടങ്ങിയത് എന്നത് ഇന്ത്യന്‍ ക്യാമ്പിനെ ഏറെ ആശങ്കയിലാക്കി. വലതുകൈയ്ക്കും കാലിനും അനുഭവപ്പെട്ട കടുത്ത പേശിവലവ് കാരണമാണ് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം, ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റില്‍ തന്റെ കന്നി സെഞ്ചുറി കുറിച്ചു. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി കുറിച്ചത്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായതിന് പിന്നാലെയെത്തിയ പടിക്കല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തതും മികച്ച ആസൂത്രണത്തോടെയാണ്. 2024ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന്റെ കരിയറിലെ മൂന്നാമത്തെ മാത്രം മത്സരമാണിത്. ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മികച്ച തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചതും. ഗാലെയില്‍ സൂക്ഷ്മതയോടെ ബാറ്റേന്തിയ താരം അതിവേഗമാണ് സെഞ്ചുറി കുറിച്ചത്. അതായത്, 134 പന്തില്‍ ടെസ്റ്റില്‍ തന്റെ ആദ്യ സെഞ്ചുറി കുറിച്ചു. ചേതേശ്വര്‍ പൂജാരയുടെ അവസാന ടെസ്റ്റിന് ശേഷം (2023 ജൂണ്‍) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ശേഷം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി പടിക്കല്‍ മാറി. ഇന്നിങ്‌സിന്റെ 11-ാം ഓവറിനൊടുവിലാണ് പടിക്കല്‍ ക്രീസിലെത്തിയത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍, കെഎല്‍. രാഹുലുമായി ഉണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് റണ്ണൗട്ടായി പുറത്തായതിനെത്തുടര്‍ന്നായിരുന്നു ഇത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സായ് സുദര്‍ശന് പകരമായാണ് ഈ മത്സരത്തില്‍ പടിക്കല്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് എത്തിയത്.
ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ, കെഎല്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് മികച്ച നിലയിലെത്തിച്ചത്. തുടക്കത്തില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (37 പന്തില്‍ 32) ദൗര്‍ഭാഗ്യകരമായ റണ്‍ഔട്ടിലൂടെ പുറത്തായെങ്കിലും, തുടര്‍ന്നെത്തിയ ദേവ്ദത് പടിക്കലും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 255 പന്തുകള്‍ നേരിട്ടാണ് ഇരുവരും സ്‌കോര്‍ ഉയര്‍ത്തിയത്.
എന്നാല്‍ കെഎല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യയുടെ താളംതെറ്റിച്ചു. രണ്ടാം സെഷന്റെ അവസാനത്തോടെയാണ് രാഹുലിന് പേശിവലവ് അനുഭവപ്പെട്ടു തുടങ്ങിയത്. ടീ ബ്രേക്കിന് തൊട്ടുമുമ്പ് ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ടീ ബ്രേക്കിന് ശേഷവും ബാറ്റിങ് തുടരാനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും അസ്വസ്ഥത കൂടിയതോടെ രാഹുല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 162 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടി നല്‍കുമ്പോഴായിരുന്നു ഇത്.
രാഹുല്‍ മടങ്ങിയതോടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആണ് ദേവ്ദത്തിന് കൂട്ടായി ക്രീസിലെത്തിയത്. ഗില്ലിന് പക്ഷെ, 16 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഗില്ലിന് പിന്നാലെ ഋഷഭ് പന്ത് ക്രീസിലെത്തി. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ദേവ്ദത്ത് പടിക്കല്‍ സെഞ്ചുറി തികച്ച് ടീം സ്‌കോര്‍ ഉയര്‍ത്തി. ഋഷഭ് പന്ത് 27 റണ്‍സെടുത്ത് ക്രീസിലുണ്ട്. ശ്രീലങ്കയ്ക്കുവേണ്ടി പ്രഭാത് ജയസൂര്യ ഒരുവിക്കറ്റെടുത്തു.
content highlights: India Solid in Galle Test; Maiden Century for Devdutt Padikkal