

കൊച്ചി: മെസി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). കേരളത്തില്‍ എത്താന്‍ ഇപ്പോഴും തയ്യാറെന്ന് അറിയിച്ച് എഎഫ്എ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ഇ മെയില്‍ അയച്ചു. തര്‍ക്കമല്ല ഒത്തുതീര്‍പ്പാണ് വേണ്ടതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നതിനായി വീണ്ടും ചര്‍ച്ചകള്‍ വേണം. റിപ്പോര്‍ട്ടറുമായുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോള്‍ മത്സരത്തിനായി മറ്റൊരു തീയതി നിശ്ചയിക്കണമെന്നും എഎഫ്എ ഇ മെയിലിൽ വ്യക്തമാക്കുന്നു.
അതേസമയം അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി കൂടുതല്‍ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. കായിക വകുപ്പിന്റെ അനുമതിയോടെ എഎഫ്എയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ ആണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.
ഫുട്ബോള്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും മെസ്സിയും രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരത്തിനായി കേരളത്തിലെത്തുമെന്നാണ് കരാര്‍. എതിരാളികള്‍ ഫിഫ റാങ്കിങ്ങില്‍ 50 ന് മുകളിലുള്ളവരായിരിക്കുമെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നും കരാറിലുണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനും എഎഫ്എ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയന്‍ ടാപ്പിയോയും ജനറല്‍ സെക്രട്ടറി വിക്ടര്‍ ബ്ലാങ്കോ റോഡ്രിഗസും തമ്മിലുള്ള കരാറാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. 2024ലാണ് കരാര്‍ ഒപ്പിട്ടത്. ഇത്തരമൊരു കരാറില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരിക്കുന്നത്.
മെസിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും ആരോപണങ്ങളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ആന്റോ അഗസ്റ്റിന്‍ വിശദീകരിക്കുകയുണ്ടായി. എഎഫ്എയുമായുള്ള ഇടപാടില്‍ സര്‍ക്കാരിന്റെയോ ജനത്തിന്റെയോ പണം നഷ്ടമായിട്ടില്ലെന്നും 126 കോടി രൂപ നഷ്ടമായത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കാണെന്നും ആന്റോ അഗസ്റ്റിന്‍ വിശദീകരിച്ചു. പണം നഷ്ടമായതില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു.
Content Highlights: The Argentina Football Association (AFA) has clarified its position on the Messi controversy, stating that it remains ready for Lionel Messi to visit Kerala