

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ആഗോള സാമ്പത്തിക അനിശ്ചിതത്വം, കനത്ത വേനൽച്ചൂട് എന്നിവയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ തൊഴിൽ റിക്രൂട്ട്‌മെന്റ് മേഖല മന്ദഗതിയിലെന്ന് റിപ്പോർട്ട്. പല കമ്പനികളും പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ തൊഴിൽ തേടുന്നവർക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും തിരിച്ചടിയായിരിക്കുകയാണ്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വം തുടരുന്നതിനാൽ വൻകിട കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ വികസന പദ്ധതികൾ പല കമ്പനികളും മാറ്റിവെക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുകയാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളും യുദ്ധഭീതിയും കാരണം നിരവധി മൾട്ടിനാഷണൽ കമ്പനികൾ അത്യാവശ്യമല്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും തൊഴിൽ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രേഡിങ്, ലോജിസ്റ്റിക്സ്, ടൂറിസം, റീട്ടെയിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളെയാണ് ഈ സാഹചര്യം കൂടുതൽ ബാധിച്ചിരിക്കുന്നത്. നിലവിൽ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് പല സ്ഥാപനങ്ങളും മുൻഗണന നൽകുന്നത്.
അതേസമയം യുഎഇയിലെ ശക്തമായ വേനൽച്ചൂട് കാരണം സന്ദർശക വിസയിൽ തൊഴിൽ തേടി എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനില നേരിട്ടുള്ള തൊഴിൽ അന്വേഷണങ്ങളെയും വാക്ക്-ഇൻ ഇന്റർവ്യൂകളെയും കൂടുതൽ പ്രയാസകരമാക്കിയിരിക്കുകയാണ്. വേനലവധിയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അവധിയിലായിരിക്കുന്നതും നിയമന നടപടികൾ വൈകാൻ കാരണമാകുന്നുണ്ട്. കൂടാതെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ (Emiratisation) നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതും പ്രവാസി ഉദ്യോഗാർഥികൾക്ക് വെല്ലുവിളിയാകുന്നതായി വിലയിരുത്തപ്പെടുന്നു.
ഇതിനിടെ, ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിങ് നടപടികളിലും മറ്റ് ഓട്ടോമേഷൻ സംവിധാനങ്ങളിലും എഐ സാങ്കേതിക വിദ്യയും വ്യാപകമായി ഉപയോഗിക്കാൻ കമ്പനികൾ ആരംഭിച്ചതോടെ സാധാരണ തസ്തികകളിലേക്കുള്ള പരമ്പരാഗത നിയമനങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. എന്നാൽ ഐടി, സൈബർ സുരക്ഷ, കൃത്രിമ ബുദ്ധി, നിർമാണം, ഹെല്‍ത്ത്‌കെയര്‍ തുടങ്ങി വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ ഇപ്പോഴും തൊഴിലവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിക്രൂട്ട്‌മെന്റ് രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യം താൽക്കാലികം മാത്രമാണെന്നും വേനൽക്കാലവും അവധിക്കാലവും അവസാനിക്കുന്നതോടെ സെപ്റ്റംബർ മുതൽ തൊഴിൽ വിപണി വീണ്ടും സജീവമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlight: The UAE job recruitment sector is seeing slower activity due to the impact of the Middle East conflict and the summer heat