മെസി ഉൾപ്പെടുന്ന ടീം കേരളത്തില്‍ എത്തുമെന്ന് കരാര്‍; AFAയും RBCയും തമ്മിലുള്ള കരാര്‍ പുറത്തുവിട്ട് റിപ്പോർട്ടർ

കായിക വകുപ്പിന്റെ അനുമതിയോടെ എഎഫ്എയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്

മെസി ഉൾപ്പെടുന്ന ടീം കേരളത്തില്‍ എത്തുമെന്ന് കരാര്‍; AFAയും RBCയും തമ്മിലുള്ള കരാര്‍ പുറത്തുവിട്ട് റിപ്പോർട്ടർ
dot image

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി തെളിവുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിലുള്ള കരാറാണ് പുറത്തുവിടുന്നത്. കായിക വകുപ്പിന്റെ അനുമതിയോടെ എഎഫ്എയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിൽ ഏർപ്പെട്ട കരാർ ആണ് റിപ്പോർട്ടർ പുറത്തുവിട്ടത്.

ഫുട്‌ബോള്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും മെസ്സിയും രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരത്തിനായി കേരളത്തിലെത്തുമെന്നാണ് കരാര്‍. എതിരാളികള്‍ ഫിഫ റാങ്കിങ്ങില്‍ 50 ന് മുകളിലുള്ളവരായിരിക്കുമെന്നും കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്നും കരാറിലുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനും
എഎഫ്എ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയന്‍ ടാപ്പിയോയും ജനറല്‍ സെക്രട്ടറി വിക്ടര്‍ ബ്ലാങ്കോ റോഡ്രിഗസും തമ്മിലുള്ള കരാറാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. 2024ലാണ് കരാർ ഒപ്പിട്ടത്. ഇത്തരമൊരു കരാറില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.

മെസിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും ആരോപണങ്ങളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ആന്റോ അഗസ്റ്റിന്‍ വിശദീകരിക്കുകയുണ്ടായി.എഎഫ്എയുമായുള്ള ഇടപാടില്‍ സര്‍ക്കാരിന്റെയോ ജനത്തിന്റെയോ പണം നഷ്ടമായിട്ടില്ലെന്നും 126 കോടി നഷ്ടമായത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കാണെന്നും ആന്റോ അഗസ്റ്റിന്‍ വിശദീകരിച്ചു. പണം നഷ്ടമായതില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു.

ആര്‍ബിഐയുടെ അനുമതിയോടെയാണ് പണം അയച്ചത്. പണം നല്‍കിയതിന് തെളിവുണ്ട്. എസ്ബിഐ വഴിയാണ് പണമിടപാട് നടത്തിയത്. പണം ലഭിച്ചെന്ന് കാട്ടി എഎഫ്എ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ രേഖകളുണ്ട്. കേന്ദ്ര കായിക മന്ത്രാലയവും ധനമന്ത്രാലയവും അനുമതി നല്‍കി. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. മേല്‍നോട്ടത്തിന് മോണിറ്ററിങ് കമ്മിറ്റി ഉണ്ടായിരുന്നു. എല്ലാം സര്‍ക്കാര്‍ അനുമതിയോടെയാണ് ചെയ്തത്. എഎഫ്എയുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്‍കിയത് സര്‍ക്കാരാണ്. മത്സരം നടത്താനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രത്തിന് കത്തയച്ചത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാ രേഖകളും സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Content Highlights: Reporter Releases Evidence on Allegations Surrounding Argentina Football Team's Kerala Visit

dot image
To advertise here,contact us
dot image