ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു

കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് നടപടി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് നടപടി. മുപ്പതംഗ അന്വേഷണ സംഘത്തെ പതിനാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘമായാണ് ക്രമീകരിച്ചിരിക്കുന്നത്. ജനറല്‍ ട്രാന്‍സ്ഫര്‍ വന്നതോടെ ഇതില്‍ നാലു പേരെ ഒഴിവാക്കുകയും പകരം നാലു പേരെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേസില്‍ ഉന്നത സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ആക്രമണത്തിന് പിന്നില്‍ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. സിപിഐഎം നേതാക്കളുടെ ഫോണ്‍ കോളുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും ആക്രമണം ഉണ്ടായ സമയത്തും അതിനു മുന്‍പും നടന്ന ആശയവിനിമയങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇതുവരെ 26 പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസില്‍ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ അടക്കമായിരുന്നു റെയ്ഡ്. മകള്‍ പ്രതിയായ കേസില്‍ പിണറായി വിജയനെ ലക്ഷ്യം വെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം.

രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിടുകയായിരുന്നു.

Content Highlights: ED Reconstitutes Investigation Team in Case of Attack on Enforcement Directorate Officials

dot image
To advertise here,contact us
dot image