പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെന്ന് അമിത് ഷാ; പ്രസംഗമല്ല വേണ്ടതെന്ന് രാഹുല്‍ ഗാന്ധി

ജൂലൈ 20ന് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചതിന് ശേഷം ആദ്യമായാണ് അമിത് ഷാ വിഷയത്തില്‍ പ്രതികരിക്കുന്നത്

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെന്ന് അമിത് ഷാ; പ്രസംഗമല്ല വേണ്ടതെന്ന് രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 20ന് ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചതിന് ശേഷം ആദ്യമായാണ് അമിത് ഷാ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇത്തവണത്തെ പാര്‍ലമെന്റ് സെഷന് ഇതുവരെ എത്താതിരുന്ന അമിത് ഷാ എവിടെയാണെന്നും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

പാര്‍ലമെന്റിന് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. 'ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ചര്‍ച്ച വേണോ വേണ്ടയോ എന്ന കാര്യം പ്രതിപക്ഷം സ്പീക്കറെ അറിയിക്കണം. ഇന്നോ നാളെയോ വൈകുന്നത് വരെയും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. നീറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം കേള്‍ക്കുന്നില്ല', അമിത് ഷാ പറഞ്ഞു.

ലാപട, ഭാഗ് ഗയേ തുടങ്ങിയ വാക്കുകള്‍ ഇന്ത്യയുടെ പൊതു-പാര്‍ലമെന്ററി ജീവിതത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനം ആരംഭിച്ചത് മുതല്‍ താന്‍ സഭയില്‍ പാര്‍ലമെന്റില്‍ വന്നിരുന്നുവെന്നും തന്റെ ചേംബറില്‍ ഇരുന്നിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഇരു സഭകളും പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും ഒരാള്‍ക്ക് ഒറ്റയ്ക്ക് എന്ത് ചെയ്യാനാകുമെന്നും അമിത് ഷാ ചോദിച്ചു.

'പാര്‍ലമെന്റിലെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന് ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ല. ഇനി പൊതുസമൂഹം തീരുമാനിക്കട്ടേ, ആരാണ് ഓടിപ്പോകുന്നതെന്ന്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി അവര്‍ സ്പീക്കര്‍ക്ക് ഒരു കത്ത് അയക്കട്ടേ. ഇന്ന് മൂന്ന് മണി മുതല്‍ നാളെ മൂന്ന് മണി വരെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞാന്‍ സഭയില്‍ ഇരിക്കും. എല്ലാവരെയും കേള്‍ക്കും എല്ലാത്തിനും മറുപടി നല്‍കും. സര്‍ക്കാരിന് ഒളിക്കാന്‍ ഒന്നുമില്ല. മോദിജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്', അമിത് ഷാ പറഞ്ഞു.

അതേസമയം അമിത് ഷായുടെ പ്രതികരണത്തില്‍ മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. അമിത് ഷായുടെ പ്രസംഗമല്ല തങ്ങള്‍ക്ക് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഞാന്‍, ഞങ്ങള്‍ എന്ന് പറയുമ്പോള്‍ ഇവിടുത്തെ യുവതയെയാണ് ഉദ്ദേശിക്കുന്നത്. ആരാണ് വിദ്യാര്‍ത്ഥികളെ വെടിവെച്ചത്? ആണികളുള്ള ലാത്തികള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനുള്ള ഉത്തരവ് നല്‍കിയത് ആരാണ്? നമ്മുടെ വിദ്യാര്‍ത്ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ? അങ്ങനെ ചെയ്‌തെങ്കില്‍ അദ്ദേഹം നിര്‍ബന്ധമായും രാജിവെക്കണം. കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കണ്ടില്ല. സഭയില്‍ വരാന്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് ധൈര്യമില്ല', രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Content Highlights: Union Home Minister Amit Shah says he is ready to answer questions from the opposition over the Jantar Mantar student protest

dot image
To advertise here,contact us
dot image