'Yes we are Lungiwalas, വൈവിധ്യങ്ങളെ ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട': എ എ റഹീം

ഭാഷയുടെ, വേഷത്തിന്റെ, വിശ്വാസങ്ങളുടെ വൈവിധ്യങ്ങളുടെ മണ്ണാണ് ഇന്ത്യയെന്ന് എ എ റഹീം എംപി

'Yes we are Lungiwalas, വൈവിധ്യങ്ങളെ ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട': എ എ റഹീം
dot image

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ബിജെപി എംപി സുഷ്മിത ദേവിന്റെ 'ലുങ്കി വാല' പരാമര്‍ശത്തിന് എതിരെ എ എ റഹീം എംപി. ഭാഷയുടെ, വേഷത്തിന്റെ, വിശ്വാസങ്ങളുടെ വൈവിധ്യങ്ങളുടെ മണ്ണാണ് ഇന്ത്യയെന്ന് എ എ റഹീം എംപി പറഞ്ഞു. ആ വൈവിധ്യങ്ങളെ പരിഹസിച്ച്, ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതരുതെന്ന് റഹീം എംപി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്റിന് മുന്നില്‍ മുണ്ടുടുത്ത് പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യ എന്ന ഏകത്വത്തെ ഇല്ലാതാക്കുന്ന പരാമര്‍ശമാണ് സുഷ്മിത ദേവ് നടത്തിയതെന്ന് നേരത്തെ മാധ്യമങ്ങളോടും അദ്ദേഹം പ്രതികരിച്ചിരുന്നു. തെക്കേ ഇന്ത്യയോടുള്ള ബിജെപി മനോഭാവം വ്യക്തമാകുന്ന പ്രയോഗമാണെന്നും മനസ്സിലുള്ളത് പുറത്ത് വന്നെന്നും റഹീം കൂട്ടിച്ചേര്‍ത്തു. 'വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രിവിലേജ് നോട്ടീസില്‍ എന്ത് നടപടി എടുക്കും എന്ന് നോക്കും', എ എ റഹീം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സഭയില്‍ വെച്ച് സുഷ്മിത ദേവ് വിവാദ പരാമര്‍ശം നടത്തിയത്. 'കേരള എംപി ലുങ്കി വാല' എന്ന പ്രയോഗമാണ് സുഷ്മിത ദേവ് ഉപയോഗിച്ചത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി.

അതേസമയം മലയാളിയായതില്‍ അഭിമാനമാണെന്ന് ജോണ്‍ ബ്രിട്ടാസ് ഇന്ന് സഭയില്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ തന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

Content Highlights: A A Rahim MP criticised BJP MP Sushmita Dev’s ‘Lungi Wala’ remark against John Brittas, saying India is a land of diversity in language, attire and beliefs

dot image
To advertise here,contact us
dot image