ഊബർ ബൈക്ക് ഇനി 100ലേറെ നഗരങ്ങളിൽ; ചെറുപട്ടണങ്ങളിൽ സേവനം വിപുലീകരിക്കാൻ കമ്പനി

ടയർ II, ടയർ III നഗരങ്ങളിലെ സാന്നിധ്യം ശക്തമാക്കാനും കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുകയാണ് കമ്പനി

ഊബർ ബൈക്ക് ഇനി 100ലേറെ നഗരങ്ങളിൽ; ചെറുപട്ടണങ്ങളിൽ സേവനം വിപുലീകരിക്കാൻ കമ്പനി
dot image

ഊബറിന്റെ 2 വീലർ സർവീസുകൾ 100ൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ടയർ II, ടയർ III നഗരങ്ങളിലെ സാന്നിധ്യം ശക്തമാക്കാനും കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുകയാണ് കമ്പനി. ഇതോടെ കമ്പനിയുടെ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 220-ൽ അധികമാകും.

18 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും സേവനം വ്യാപിപ്പിക്കുന്ന കമ്പനി ചെറിയ നഗരങ്ങളിൽ ഇരുചക്രവാഹന സേവനങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ ആസൂത്രണം ചെയ്യുന്നുണ്ട്.

ടയർ II, ടയർ III നഗരങ്ങളിലെ വിദ്യാർത്ഥികൾ, സ്ഥിരം യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം. ഇടുങ്ങിയ റോഡുകളും അവിടുത്തെ ഗതാഗതക്കുരുക്കും മറികടക്കാൻ ബൈക്ക് സർവീസ് സഹായകമാകും എന്ന് കമ്പനി കണക്ക് കൂട്ടുന്നു.

നഗരങ്ങളുടെ വലിപ്പവും ഘടനയും കണക്കിലെടുക്കുമ്പോൾ ബൈക്ക് സേവനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് ഇവിടെ കൂടുതൽ അനുയോജ്യമെന്ന് ഊബർ ഇന്ത്യ & സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ റിഷാന്ത് ഘോഷ് പറഞ്ഞു.

ഇടുങ്ങിയ റോഡുകളും രൂക്ഷമായ ഗതാഗതക്കുരുക്കും നിലനിൽക്കുന്ന സാഹചര്യത്തിലും യാത്രാദൂരം താരതമ്യേന കുറവായതിനാൽ, ഈ നഗരങ്ങളിൽ സേവനം ആരംഭിക്കുമ്പോൾ ബൈക്ക് സേവനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പുതിയ നഗരങ്ങളിൽ തുടക്കത്തിൽ ബൈക്ക് സർവീസ് മാത്രമായിരിക്കും നൽകുക എങ്കിലും, ഭാവിയിൽ ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച് ഓട്ടോ, കാർ സർവീസുകളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സി നിയമങ്ങളുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Content Highlight : Uber is expanding its two-wheeler services to 100+ additional cities in India.The expansion will take Uber’s service footprint to more than 220 cities.

dot image
To advertise here,contact us
dot image