'ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം': ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയത്

'ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം': ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
dot image

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ അടിയന്തരമായി തന്നെ നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ മോശം സാഹചര്യങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഗുരുതര വീഴ്ചകളും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നടപടി. മൃഗ സംരക്ഷണ പ്രവര്‍ത്തക സംഗീത അയ്യരും സൊസൈറ്റി ഫോര്‍ എലഫന്റ് വെല്‍ഫെയര്‍ എന്ന സംഘടനയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്.

പ്രധാനമായും പതിനൊന്ന് മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി നല്‍കിയ ഉത്തരവിലുള്ളത്

  • ആനകള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും നല്‍കണം.
  • വനം വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള 'മോഡല്‍ ഫീഡിംഗ് ഷെഡ്യൂള്‍' പൂര്‍ണമായും നടപ്പാക്കണം. ആനക്കോട്ടയില്‍ സ്ഥാപിച്ചിട്ടുള്ള ആര്‍ഓ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം കൃത്യമായ പ്രവര്‍ത്തനക്ഷമതയോടെ നിലനിര്‍ത്തണം. ആനകള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കണം.
  • ആനക്കോട്ടയിലെ ജലാശയങ്ങളിലെ പായലും ചെളിയും അടിയന്തരമായി നീക്കം ചെയ്യണം. തറയില്‍ എപ്പോഴും വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനാല്‍, തളച്ചിടുന്ന സ്ഥലത്ത് വെച്ച് ഹോസ് പൈപ്പ് ഉപയോഗിച്ച് ആനകളെ കുളിപ്പിക്കുന്ന രീതി നിര്‍ത്തണം. എല്ലാ ആനകള്‍ക്കും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കാന്‍ സൗകര്യമൊരുക്കണം.
  • ആനക്കോട്ടയിലെ പാര്‍പ്പിട സൗകര്യങ്ങള്‍ വൃത്തിയുള്ളതും ആരോഗ്യകരവുമായിരിക്കണം. നിലം എപ്പോഴും ഈര്‍പ്പമുള്ളതായി കിടക്കുന്നത് തടയണം. ഇതിനായി ആനകളെ തളയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളില്‍ മാറ്റുകയും കോട്ട നിരപ്പായ മണ്‍തറയായി നിലനിര്‍ത്തുകയും വേണം. ആനപ്പിണ്ഡവും മറ്റ് മാലിന്യങ്ങളും കൃത്യമായ ഇടവേളകളില്‍ അടിയന്തരമായി നീക്കം ചെയ്ത് കോട്ട പൂര്‍ണ്ണമായും ശുചിത്വമുള്ളതായി സൂക്ഷിക്കാന്‍ കരാറുകാരനെ ചുമതലപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശം.
  • റൊട്ടേഷന്‍ അടിസ്ഥാനത്തിലെങ്കിലും എല്ലാ ആനകള്‍ക്കും ദിവസവും 4 മുതല്‍ 5 കിലോമീറ്റര്‍ വരെ നടത്തം ഉറപ്പാക്കണം. ആനകളുടെ ശാരീരിക-മാനസിക ക്ഷേമത്തിനായി മണ്‍കുളിയും മറ്റ് വിനോദ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.
  • ആനക്കോട്ടയിലെ വെറ്ററിനറി സൗകര്യങ്ങള്‍ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ മറ്റൊരു നിര്‍ദ്ദേശം. പോര്‍ട്ടബിള്‍ എക്സ്-റേ, മൈക്രോസ്‌കോപ്പ്, എന്‍ഡോസ്‌കോപ്പി ആക്സസറികള്‍, അടിസ്ഥാന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ വെറ്ററിനറി കേന്ദ്രത്തില്‍ ലഭ്യമാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാസ പരിശോധനകള്‍ക്കായി നിയോഗിച്ചിട്ടുള്ള ചീഫ് വെറ്ററിനറി ഓഫീസറും ഡിസ്ട്രിക്റ്റ് അനിമല്‍ ഹസ്ബന്‍ഡറി ഓഫീസറും പ്രതിമാസ റിപ്പോര്‍ട്ട് തയ്യാറാക്കണം. പ്രതിമാസ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ക്കായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറണം.
  • ആനകളോട് ക്രൂരത കാണിക്കുന്നത് തടയാനും നിരീക്ഷണത്തിനും വേണ്ടിയാണ് മറ്റൊരു മാര്‍ഗനിര്‍ദേശം. ആനക്കോട്ടയിലെ പ്രധാന സ്ഥലങ്ങളിലും തളയ്ക്കുന്ന കേന്ദ്രങ്ങളിലും അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ഇതിലെ ദൃശ്യങ്ങള്‍ കുറഞ്ഞത് 40 ദിവസത്തെ സ്റ്റോറേജ് ബാക്കപ്പോടെ സൂക്ഷിക്കണം.
  • നിയമം നിഷ്‌കര്‍ഷിക്കുന്ന എലിഫന്റ് ഡാറ്റാ ബുക്ക്, ഫീഡിംഗ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, ചികിത്സാ രജിസ്റ്റര്‍ തുടങ്ങിയവ കൃത്യമായി പരിപാലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്ന് മാസത്തിലൊരിക്കലുള്ള പരിശോധനകള്‍ക്ക് പൂര്‍ണ്ണമായി സഹകരിക്കണം എന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Content Highlights: Kerala High Court Issues Guidelines to Guruvayur Devaswom for Elephant Welfare

dot image
To advertise here,contact us
dot image