

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പ്രതികള്‍ക്കെതിരെയാണ് സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പരീക്ഷയ്ക്ക് മുന്‍പ് പ്രതികള്‍ ചോര്‍ത്തിയ 42 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയിലെ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി പൂര്‍ണമായും ഒത്തുപോകുന്നതാണ് എന്നും ചോദ്യപേപ്പര്‍ ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി എന്നാണ് സിബിഐ ആദ്യ കുറ്റപത്രത്തില്‍ പറയുന്നത്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.
മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, യഷ് യാദവ്, ധനഞ്ജയ് ലോകാണ്ഡെ, പ്രഹ്‌ളാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, മനീഷ സഞ്ജയ് ഹവില്‍ദാര്‍, മനീഷ മന്ധാരെ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതികള്‍. കേസില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ പങ്ക് സംബന്ധിച്ച അന്വേഷണം സിബിഐ തുടരുകയാണ്. കേസിന്റെ പശ്ചാത്തലത്തില്‍ അടുത്തിടെ 47 എന്‍ടിഎ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 12-നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മകനായ വികാസ് ബിവലിന് വേണ്ടി നീറ്റ് ചോദ്യപേപ്പര്‍ ലഭിക്കാന്‍ മംഗിലാല്‍ ബിവല്‍ ശുഭം ഖൈര്‍നാറുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയത്. മംഗിലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ചോദ്യപേപ്പര്‍ കണ്ടെത്തിയിട്ടുണ്ട്. യഷ് യാദവില്‍ നിന്നാണ് മംഗിലാല്‍ ചോദ്യപേപ്പര്‍ കൈപ്പറ്റിയത്. ഇതിനായി 10 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രാജസ്ഥാനിലെ സികാറില്‍ കോച്ചിങ്ങിന് പോയപ്പോഴാണ് യഷ് യാദവുമായി വികാസ് ബിവാള്‍ പരിചയത്തിലായത്. തുടര്‍ന്ന് മറ്റ് പ്രതികളെ കൂടി ഉള്‍പ്പെടെ വന്‍ സംഘം രൂപീകരിക്കുകയായിരുന്നു. ശുഭം ഖൈര്‍നാര്‍ യഷിനും വികാസിനും ദിനേശ് ബിവാളിനും ചോദ്യപേപ്പര്‍ കൈമാറി. തുടര്‍ന്ന് മംഗിലാല്‍ ബിവാള്‍ മറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ വിറ്റുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
Content Highlights: CBI submits comprehensive charge sheet in NEET-UG paper leak case, naming primary accused and detailing exam manipulation probe