

മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയും വ്യാജ പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നുമുളള പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ജോര്‍ജിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി മുട്ടം സ്വദേശിനി രമ്യ ജെ കളപ്പുര, ഭര്‍ത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ ബന്ധുക്കളും കേസിലെ മറ്റു എതിര്‍കക്ഷികളുമായ കാഞ്ഞാര്‍ തെക്കേല്‍ ബിബി ജോസ്, കോളപ്ര കുടയത്തൂര്‍ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവര്‍ക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇതിനായി തന്നെയും ഭര്‍ത്താവിനെയും പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസെടുത്ത ശേഷം 3.5ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനില്‍ തടഞ്ഞുവെച്ചുവെന്നും ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സിഐയുമായുള്ള ഫോണ്‍ സംഭാഷണവും പരാതിക്കാരി ഹാജരാക്കി.
പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി ചോദിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഔദ്യോഗിക ചുമതലയുടെ ഭാഗമായി ചെയ്ത കാര്യങ്ങളല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇടുക്കി വിജിലന്‍സ് യൂണിറ്റിനോട് നിര്‍ദേശിച്ചത്.
Content Highlights: A Vigilance Court has ordered a preliminary inquiry against a Police Circle Inspector over allegations of aiding a property grab and attempting to implicate a person in a fake case