ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു: കൂടുതൽ ഫണ്ട് വേണമെന്ന് ആവശ്യം

യുദ്ധച്ചെലവും യുദ്ധത്തിന്റെ ലക്ഷ്യവും സംബന്ധിച്ച് യു എസ് കോൺ​ഗ്രസിൽ ​ഗൗരവമുള്ള ചർച്ചകൾ നടന്നു

ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യൺ ഡോളർ കടന്നു: കൂടുതൽ ഫണ്ട് വേണമെന്ന് ആവശ്യം
dot image

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 11-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇതുവരെ യുദ്ധത്തിനായി 37.5 ബില്യൺ ഡോളർ ചെലവായതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധത്തിനായി കൂടുതൽ ഫണ്ട് വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എന്നാൽ യഥാർഥ ചെലവ് ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹെഗ്സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻയും യുദ്ധത്തിന് ആവശ്യമായ അധിക ധനസഹായം ആവശ്യപ്പെട്ട് യുഎസ് സെനറ്റിലെ അപ്രോപ്രിയേഷൻസ് കമ്മിറ്റിക്ക് മുന്നിൽ സാക്ഷ്യപത്രം നൽകി.

യുദ്ധച്ചെലവും യുദ്ധത്തിന്റെ ലക്ഷ്യവും സംബന്ധിച്ച് യു എസ് കോൺ​ഗ്രസിൽ ​ഗൗരവമുള്ള ചർച്ചകളാണ് നടന്നതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തിൽ അമേരിക്ക എന്തുകൊണ്ടാണ് ഇടപെട്ടതെന്നും എങ്ങനെ അത് അവസാനിപ്പിക്കുമെന്നും പൊതുജനങ്ങളോട് കൂടുതൽ വ്യക്തമായി വിശദീകരിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെനഡി ആവശ്യപ്പെട്ടു. 37.5 ബില്യൺ ഡോളർ എങ്ങനെ ചെലവഴിക്കുന്നുവെന്ന് പോലും പ്രതിരോധ വകുപ്പ് വ്യക്തമാക്കാൻ കഴിയുന്നില്ലെന്ന് ഡെമോക്രാറ്റിക് നേതാവ് ഡിക്ക് ഡർബിൻ വിമർശിച്ചു. യഥാർഥ യുദ്ധച്ചെലവ് ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലാണെന്നാണ് തന്റെ വിലയിരുത്തൽ. വിലപിടിപ്പുള്ള റഡാർ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ആയുധങ്ങളും വൻതോതിൽ നഷ്ടമായിട്ടുണ്ടെന്നുമായിരുന്നു സെനറ്റർ ക്രിസ് കൂൺസിൻ്റെ അഭിപ്രായം. യുദ്ധത്തിന് സർക്കാർ നൽകുന്ന ന്യായീകരണം ഓരോ ആഴ്ചയും മാറുകയാണെന്നും ഭരണകൂടത്തിന് വ്യക്തമായ തന്ത്രമില്ലെന്നും സെനറ്റർ ക്രിസ് വാൻ ഹോളൻ, ആരോപിച്ചു. ഇറാൻ ആണവായുധം കൈവശമാക്കുന്നത് ലോകസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അതിനാൽ ഈ ചെലവ് അനിവാര്യമാണെന്നും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹോവൻ അഭിപ്രായപ്പെട്ടു.

യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിൽ വിശദീകരിച്ചു. യുദ്ധച്ചെലവായി ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവായിട്ടുണ്ട്. സൈനികരുടെ ഭക്ഷണച്ചെലവ് ഉൾപ്പെടെ സാമ്പത്തിക വർഷാവസാനം വരെയുള്ള ചില ചെലവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ അമേരിക്ക രഹസ്യമായി ദൗത്യം തുടരുകയായിരുന്നുവെന്നും ഇതുവഴി ഏകദേശം 500 മില്യൺ ബാരൽ എണ്ണ സുരക്ഷിതമായി കടത്തിവിടാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും വിവിധ തലങ്ങളിൽ ഇറാനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ അതിനെ പ്രതിരോധിക്കുന്ന അമേരിക്കൻ നടപടികളുടെ വിശദാംശങ്ങൾ രഹസ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിക്കാക്സ് മൗണ്ടൻ ആക്രമിക്കാനുള്ള അമേരിക്കയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമാണെന്ന മറുപടിയാണ് ഹെഗ്സെത്ത് നൽകിയതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധത്തിന്റെ തുടർനടപടികൾ സംബന്ധിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും ആവശ്യമായ എല്ലാ സൈനിക മാർഗങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് പ്രസിഡൻ്റിന് വിശദമായി സമർപ്പിക്കുമെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. സൈനിക നടപടി സ്വീകരിക്കുമ്പോൾ മനുഷ്യജീവനഷ്ടം എപ്പോഴും പ്രധാന പരിഗണനയാണെന്നും ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ അമേരിക്കയിലെ ഡെലവെയറിലെ ഡോവർ എയർഫോഴ്‌സ് ബേസ് വഴി നാട്ടിലെത്തിക്കുന്ന നടപടികളെയും ഭരണകൂടം ഗൗരവമായി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം എങ്ങനെ മുന്നോട്ടുപോകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അതിനാൽ ഭാവി ചെലവ് കണക്കാക്കുന്നത് ഉചിതമല്ലെന്നും യുദ്ധത്തിന് ആവശ്യപ്പെട്ടിരിക്കുന്ന അധിക ധനസഹായം മതിയാകുമോയെന്ന ചോദ്യത്തിന് മറുപടിയായി കെയ്ൻ പറഞ്ഞുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ 'പിക്കാക്സ് മൗണ്ടൻ' ആണവ കേന്ദ്രത്തിന് നേരെ ശക്തമായ ആക്രമണം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 'പിക്കാക്സ് മൗണ്ടൻ' പ്രദേശത്ത് അമേരിക്ക വളരെ പെട്ടെന്ന് തന്നെ ശക്തമായ ആക്രമണം നടത്തും. അതിനെ തടയാൻ ഇറാന് ഒന്നും ചെയ്യാനാവില്ല. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം മുൻകൂട്ടി പറയാറില്ല. എതിരാളികൾക്ക് അത് തടയാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാൻ ഈ കേന്ദ്രത്തിലേക്ക് ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനോടും ട്രംപ് പ്രതികരിച്ചിരുന്നു. 'അതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ കൈവശമില്ല. എന്നാൽ ആണവ വസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. അതാണ് നിർണായകം' എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധനം നിർമ്മിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സൗകര്യമെന്ന നിലയിലുള്ളതാണ് ഈ കേന്ദ്രമെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. റേഡിയോ അവതാരകനായ ഹ്യൂ ഹ്യൂയിറ്റിന് കഴിഞ്ഞ ആഴ്ച നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയിലെ വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പോ ഇറാനുമായുള്ള സംഘർഷമോ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിനോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. 'അത് എന്നെ ഒരു തരത്തിലും ബാധിക്കില്ല. ഞാൻ ശരിയായ കാര്യമാണ് ചെയ്യുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്ന ചിന്തയോടെയല്ല ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വിദേശകാര്യത്തിലെ നയപരമായ തന്റെ നടപടികൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, ഈ വർഷം ആദ്യം വെനസ്വേലയിൽ നടത്തിയ അമേരിക്കൻ നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിൻ്റെ പ്രതികരണം.

The cost of the Iran-US war has surpassed $37.5 billion, according to US Defense Secretary Pete Hegseth. The Pentagon is seeking additional funding from Congress as military operations continue.

dot image
To advertise here,contact us
dot image