ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ രാജി വെക്കണമെന്ന് ലാ ലിഗ അധ്യക്ഷന്‍ ഹാവിയര്‍ തെബാസ്

ഫുട്‌ബോള്‍ ലോകകപ്പിലെ വിവാദങ്ങളില്‍ ഫിഫ പ്രസിഡന്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ രാജി വെക്കണമെന്ന് ലാ ലിഗ അധ്യക്ഷന്‍ ഹാവിയര്‍ തെബാസ്
dot image

ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ പ്രസിഡന്റ് ഹാവിയര്‍ തെബാസ് രംഗത്ത്. ഇന്‍ഫാന്റീനോയുടെ ഭരണകാലാവധിയുടെ പ്രസക്തി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ തെബാസ്, എന്നാല്‍ ഫിഫയുടെ നിലവിലെ ഭരണരീതി കാരണം ഒരു നേതൃമാറ്റത്തിന് സാധ്യത കുറവാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാന്റീനോയുടെ ഭരണത്തോടും തീരുമാനങ്ങളോടും വ്യക്തിപരമായി പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും, പരസ്യമായി എതിര്‍ക്കാനോ ശക്തമായ വെല്ലുവിളി ഉയര്‍ത്താനോ ആരും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. 'എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ സമയം കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം ഇനി സ്ഥാനത്ത് തുടരരുത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കാരണം അദ്ദേഹം സ്ഥാനം ഒഴിഞ്ഞുപോകില്ല,' -വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് തെബാസ് പറഞ്ഞു. 'ഒരു എതിര്‍ സ്ഥാനാര്‍ത്ഥി പോലുമില്ല. തോല്‍ക്കാന്‍ വേണ്ടി മത്സരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അടിസ്ഥാനപരമായി തന്നെ വീഴ്ച സംഭവിച്ച സിസ്റ്റമാണിത്. ഇന്‍ഫാന്റീനോയ്‌ക്കെതിരെ സംസാരിക്കുന്ന നിരവധി ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരാരും അതിനെതിരെ ഒന്നും ചെയ്യുന്നില്ല,' -തെബാസ് തുറന്നടിച്ചു.

ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫൊളാരിന്‍ ബലോഗണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പിന്‍വലിക്കാനുള്ള ഫിഫയുടെ തീരുമാനത്തെയും തെബാസ് രൂക്ഷമാി വിമര്‍ശിച്ചു. 'ഏറ്റവും ഗുരുതരമായ കാര്യമാണിതെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയം അമേരിക്കയെ പുറത്താക്കിയതുകൊണ്ട് മാത്രമാണ് ഫിഫ തടിയൂരിയതെന്നും, അല്ലാത്തപക്ഷം ഈ വിവാദം ഇന്‍ഫാന്റീനോയുടെ പ്രസിഡന്റ് സ്ഥാനത്തിന് തന്നെ ഭീഷണിയായേനേയെന്നും തെബാസ് അവകാശപ്പെട്ടു. ഫിഫയുടെ മോശം ഭരണരീതിയുടെ ഒരുഭാഗം മാത്രമാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അമേരിക്കന്‍ കളിക്കാരന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കിയ നടപടി വളരെ ഗൗരവമുള്ള വിഷയമാണ്. ബെല്‍ജിയം യു.എസ്.എയെ തോല്‍പ്പിച്ചതുകൊണ്ട് മാത്രമാണ് ഇന്‍ഫാന്റീനോയുടെ കസേര തെറിക്കാവുന്ന ഒരു വലിയ വിഷയമായി ഇത് മാറാതിരുന്നത്. ബെല്‍ജിയം ജയിച്ചതോടെ അവര്‍ ആ വിഷയം കുഴിച്ചുമൂടി. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രശ്‌നങ്ങളുടെ തുടക്കം മാത്രമാണ്.' -തെബാസ് പറഞ്ഞു.

ബോസ്‌നിയ ആന്റ് ഹെര്‍സഗോവിനയ്‌ക്കെതിരായ അമേരിക്കയുടെ ജയത്തിനിടെ റെഡ് കാര്‍ഡ് കണ്ട ബലോഗണിന്റെ ഒരു മത്സരത്തിലെ വിലക്ക് ഫിഫ പിന്‍വലിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതിനെത്തുടര്‍ന്ന് പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ കളിക്കാന്‍ ബലോഗണിന് അവസരം ലഭിച്ചു. ഫിഫയുടെ ഈ തീരുമാനത്തിനെതിരെ ബെല്‍ജിയം പരാതി നല്‍കിയെങ്കിലും ഫിഫ അത് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ മത്സരത്തില്‍ വിജയിച്ച ബെല്‍ജിയം അമേരിക്കയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

content highlights: FIFA President Gianni Infantino Should Resign, Demands La Liga President Javier Tebas

dot image
To advertise here,contact us
dot image