വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ആശ്വാസകരം; പിണറായി വിജയന്‍

യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുകയാണെന്നും സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ആശ്വാസകരം; പിണറായി വിജയന്‍
dot image

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വഖഫ് നിയമത്തിലെ 14-ാം വകുപ്പ് നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയിലും ആവര്‍ത്തിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് വഖഫ് ബോര്‍ഡ് രൂപീകരിക്കേണ്ടതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാന്‍ പാടുള്ളതല്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ആ കേസിന്റെ വാദം പൂര്‍ത്തിയായിട്ടില്ല, കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ നിയമിച്ചാല്‍ കേസ് തന്നെ ദുര്‍ബ്ബലപ്പെട്ടുപോകും. സുപ്രീംകോടതിയെ സമീപിച്ച മുസ്ലിം ലീഗിന് ഇതൊന്നും അറിയാത്തതല്ല', പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുകയാണെന്നും സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. വഖഫ് ബോര്‍ഡ് പിടിച്ചടക്കാനുള്ള ഗൂഡനീക്കമാണ് ഇതിന് പിന്നിലെന്നും സ്റ്റാറ്റ്യൂട്ടറി  ബോഡികളില്‍ രാഷ്ട്രീയ അട്ടിമറി നടത്തുവാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ നയപരമായ തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തന്നെ വഖഫ് ബോര്‍ഡ് യോഗം വിളിച്ച് ചെയര്‍മാന്‍ കെ എസ് ഹംസ. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വഖഫ് ജോയിന്റ് സെക്രട്ടറി മദീന ബീഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറ്റിങ്ങില്‍ തീരുമാനമെടുക്കാന്‍ ബോര്‍ഡിന് യോഗ്യതയില്ല. എന്നിട്ടും എന്തിനാണ് യോഗം വിളിച്ചതെന്നാണ് ഉയരുന്ന ചോദ്യം.

അതേസമയം, വഖഫ് നിയമന വിവാദത്തില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ചന്ദ്രിക ദിനപത്രത്തില്‍ നല്‍കിയ വിശദീകരണ ലേഖനത്തിലാണ് ലീഗ് ജനറസല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിമര്‍ശനം. വഖഫില്‍ കേന്ദ്രത്തിന് പരവതാനി വിരിച്ചത് ഇടതുസര്‍ക്കാരാണ് എന്നായിരുന്നു സലാമിന്റെ ആരോപണം. വിഷയത്തില്‍ പിണറായി വിജയന്‍ പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും വിമര്‍ശിക്കുന്നുണ്ട്. കേന്ദ്രം വഖഫ് ഭേദതി നിയമം പസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട് ഇടത് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു. ലീഗിന്റെ നിരന്തര പോരാട്ടമാണ് അത് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

Content Highlights: Pinarayi Vijayan Welcomes Supreme Court Order in Waqf Board Recruitment Case

dot image
To advertise here,contact us
dot image