നിതിൻ രാജിന്റെ മരണം: പിതാവിന്റെ പരാതിയിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി; എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം

നിതിൻ്റേത് കൊലപാതകമാണെന്ന് പിതാവ് രാജൻ പറഞ്ഞു

നിതിൻ രാജിന്റെ മരണം: പിതാവിന്റെ പരാതിയിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി; എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം
dot image

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.

നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും നിതിന്റെ പിതാവ് പറഞ്ഞു. കേസിലെ മുഖ്യപ്രതി റാമിന്റെ അറസ്റ്റിലും പിതാവ് പ്രതികരിച്ചു. അറസ്റ്റ് ആശ്വാസകരമായ കാര്യമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും നിതിന്റെ പിതാവ് പറഞ്ഞു. മകന്റെ നഷ്ടം നികത്താന്‍ സാധിക്കില്ല. ഡോ. റാമിന് ഡോക്ടറായിരിക്കാന്‍ ഒരു അവകാശവുമില്ല. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതയ്‌ക്കെതിരെ നടപടിയെടുക്കണം. കുറ്റക്കാരായ മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്നും പിതാവ് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാൻ എത്തിയപ്പോഴായിരുന്നു നിതിൻ്റെ പിതാവിൻ്റെ പ്രതികരണം.

ഞായറാഴ്ച കര്‍ണാടകയിലെ കുടകില്‍ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കണ്ണൂരില്‍ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒളിവ് ജീവിതത്തില്‍ പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലായത്.

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Content Highlights- The Kerala Home Minister has directed a Special Investigation Team to investigate the death of Nithin Raj after his father filed a complaint

dot image
To advertise here,contact us
dot image