

കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തക ചിത്ര അഭയ്‌യുടെ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത് ഹൃദയഭേദകമാണെന്നും സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
'ഹൃദയഭേദകമായ ഈ വാര്‍ത്ത കണ്ടപ്പോള്‍ കോവിഡ് കാലമാണ് ഓര്‍മ്മ വന്നത്. കോവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് ആശുപത്രികളിലെ ഓക്‌സിജന്‍ സ്വയംപര്യാപ്തമാക്കുകയും ഓക്‌സിജന്‍ ബെഡ്ഡുകള്‍ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. വീടുകളിലെ കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതിന് പുറമേ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയും ലഭ്യമാക്കിയിരുന്നു', വീണാ ജോർജ് കുറിച്ചു.
ഇന്ന് കറന്റ് കട്ട് മൂലം ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ് കേരളത്തില്‍ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറന്റ് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. കറന്റ് കട്ട് ആക്കുമോ എന്ന് അവര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരുദിവസം തന്നെ പല പ്രാവശ്യം പവര്‍ കട്ടാണ്. ഒപ്പം അതിന്റെ എല്ലാ പ്രശ്നങ്ങളിലൂടെയും സമൂഹം കടന്നു പോവുകയും ചെയ്യുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വീണാ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിൽ പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു. അങ്ങേയറ്റം ദു:ഖകരമാണ്. ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച രോഗിയാണ് മരിച്ചത്. കറണ്ട് പോയപ്പോൾ സാച്ചുറേഷൻ കുറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസിൽ കുടുംബാംഗങ്ങൾ വിളിച്ചപ്പോൾ ഇൻവെർട്ടർ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രേ!! ഇൻവെട്ടറും ജനറേറ്ററും വാങ്ങാൻ കഴിയാത്ത അനേകം കുടുംബങ്ങളുണ്ട്. ആരോഗ്യ പ്രവർത്തക ചിത്ര അഭയയുടെ കുറിപ്പാണ് ഈ സങ്കടകരമായ സംഭവം പുറം ലോകത്തെ അറിയിച്ചത്. ഹൃദയഭേദകമാണ്. സർക്കാരിന്റെ അനാസ്ഥയിൽ ജീവനുകൾ നഷ്ടപ്പെടുന്നു. അതീവ ഗൗരവതരമാണ് സാഹചര്യം.
ഹൃദയഭേദകമായ ഈ വാർത്ത കണ്ടപ്പോൾ കോവിഡ് കാലമാണ് ഓർമ്മ വന്നത്. കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ആണ് ആശുപത്രികളിലെ ഓക്സിജൻ സ്വയംപര്യാപ്തമാക്കുകയും ഓക്സിജൻ ബെഡ്ഡുകൾ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. വീടുകളിലെ കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സർക്കാർ ലഭ്യമാക്കുന്നതിന് പുറമേ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയും ലഭ്യമാക്കിയിരുന്നു. Reuters-ന്റെ റിപ്പോർട്ടർ കേരളത്തിലെ സർക്കാർ ആശുപത്രികൾ സന്ദർശിച്ച ശേഷം ഡൽഹിയിൽ ചെന്നിട്ട് എന്നെ ഒരിക്കൽ ഫോൺ വിളിച്ചു. കോവിഡ് രണ്ടാം തരംഗത്തിന്റെ സമയം.
രണ്ടാം തരംഗത്തിലാണ് ( Delta Wave) ഓക്സിജൻ സപ്പോർട്ട് ഏറ്റവും ആവശ്യമായിരുന്നത്. 2021 സെപ്റ്റംബറിലോ മറ്റോ ആണ്. തീവ്രമായ ഡെൽറ്റ തരംഗത്തിൽ കേരളത്തിൽ ആളുകൾ ഓക്സിജൻ കിട്ടാതെയും വെന്റിലേറ്റർ കിട്ടാതെയും ഒക്കെ മരണമടയുന്നുണ്ടാകാം എന്ന് പ്രതീക്ഷിച്ചാണ് കേരളത്തിൽ വന്നതെന്നും അങ്ങനെ ഒരു പ്രതിസന്ധി കേരളത്തിൽ ഇല്ല എന്ന് കണ്ടു മനസ്സിലാക്കിയപ്പോൾ നിങ്ങളെ ഒന്ന് വിളിക്കണമെന്ന് തോന്നി വിളിച്ചതാണ് എന്ന് എന്നോട് പറയുകയും ചെയ്തു. ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ച് സ്വയം പര്യാപ്തമാകാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ചോദിച്ച് അദ്ദേഹം മനസ്സിലാക്കി റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഇന്ന് കറണ്ട് കട്ട് മൂലം ഓക്സിജൻ ലഭ്യത കുറഞ്ഞ് കേരളത്തിൽ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറണ്ട് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയില്ലായിരുന്നു. കറണ്ട് കട്ട് ആക്കുമോ എന്ന് അവർ അന്ന് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരുദിവസം തന്നെ പല പ്രാവശ്യം പവർ കട്ട് ! മാത്രമല്ല അതിന്റെ എല്ലാ പ്രശ്നങ്ങളിലൂടെയും സമൂഹം കടന്നു പോകുകയും ചെയ്യുന്നു. സർക്കാർ നിസംഗത വെടിയണം.
Content Highlights: Veena George Reacts to Reported Patient Death due to Kerala Power Cut