

ജോജു ജോർജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് വരവ്.ജൂലൈ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നടൻ ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തിയിരുന്നു. 'വരവ്' ചിത്രീരണത്തിനിടെയുണ്ടായ ഒരപകടത്തെ കുറിച്ച് പറയുകയാണ് ദീപക്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മനസുതുറക്കുകയായിരുന്നു ദീപക് പറമ്പോൽ.
'സിനിമയിലെ ഒരു സീക്വൻസ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് മറിഞ്ഞു പോയി. എന്തോ ഒരു ഭാഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് ആ വിഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായ കാര്യം. അല്ലെങ്കിൽ ഞാൻ തട്ടി പോകണ്ടതായിരുന്നു. ജീപ്പിന്റെ പിറകിൽ ഞാൻ തൂങ്ങി നിൽക്കുവായിരുന്നു. വളയ്ക്കുന്ന സമയത്ത് ജീപ്പ് മറിഞ്ഞ് പോയതാണ്.
ആർക്കും ഗുരുതരമായ പരിക്കൊന്നും പറ്റിയിരുന്നില്ല. ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ ദൈവം സഹായിച്ച് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. ശരിക്കും എന്റെ തല പോയി ഇടിക്കണ്ടതായിരുന്നു. മറിയുന്ന സമയത്ത് എവിടെയോ ഒരു സ്ലോ മോഷൻ കിട്ടിയ പോലെ എനിക്ക് തോന്നി. ആ സമയത്ത് ഞാൻ ചാടി. എന്റെ കാലിന്റെ മുട്ടും കയ്യും ചെറുതായി മുറിഞ്ഞു അത്രയേ ഉണ്ടായുള്ളൂ. ജീപ്പ് നല്ല സ്പീഡിൽ ആണ് മറിഞ്ഞത്. ആ മറിയുന്ന സമയത്ത്, എനിക്കെന്തോ… ചിലപ്പോൾ നമ്മൾ രക്ഷപ്പെടാൻ വേണ്ടിയിട്ട് വന്ന ഒരു തോന്നൽ ആയിരിക്കാം. അല്ലെങ്കിൽ ശരിക്കും എന്റെ തല ഇടിക്കേണ്ടതായിരുന്നു', ദീപകിന്റെ വാക്കുകൾ.
ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ കെ സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Deepak Parambol recalled a frightening incident from a film shoot where a jeep overturned. The actor said he escaped with luck and that the accident could have resulted in a serious head injury.