പ്രതിപക്ഷ ഉപനേതൃപദവി CPIക്ക് അർഹതയുള്ളത്; ഒരു വ്യക്തിക്ക് പറഞ്ഞുനിർത്താൻ പറ്റുന്ന വിഷയമല്ല: സന്തോഷ് കുമാർ എംപി

സിപിഐ ഗൗരമായി മുന്നോട്ട് വെച്ച വിഷയമാണ് പ്രതിപക്ഷ ഉപനേതൃപദവിയെന്നും അദ്ദേഹം പറഞ്ഞു

പ്രതിപക്ഷ ഉപനേതൃപദവി CPIക്ക് അർഹതയുള്ളത്; ഒരു വ്യക്തിക്ക് പറഞ്ഞുനിർത്താൻ പറ്റുന്ന വിഷയമല്ല: സന്തോഷ് കുമാർ എംപി
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി പി സന്തോഷ് കുമാര്‍ എം പി. സിപിഐ ഗൗരമായി മുന്നോട്ട് വെച്ച വിഷയമാണ് പ്രതിപക്ഷ ഉപനേതൃപദവിയെന്നും ഒരു വ്യക്തിക്ക് പറഞ്ഞു നിര്‍ത്താന്‍ പറ്റുന്ന വിഷയം അല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

പദവി സിപിഐക്ക് അര്‍ഹതയുള്ളതാണ്. രാഷ്ട്രീയ ആവശ്യമാണത്. രണ്ട് മാസമായി ചര്‍ച്ച നടക്കുന്നു. എന്തുകൊണ്ട് സിപിഐക്ക് അര്‍ഹതയില്ലെന്നും സന്തോഷ് കുമാര്‍ ചോദിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ് എന്നീ പദവികളെല്ലാം നിലവില്‍ സിപിഐഎമ്മിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. എല്ലാത്തിലും ഉപരി ഇടതു പക്ഷ ഐക്യമാണ് പ്രധാനപ്പെട്ടതെന്ന് സിപിഐക്ക് അറിയാം. ആ ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളത്തിലെ എല്‍ഡിഎഫിനെ കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കമില്ല. സിപിഐഎം ബന്ധം ഊഷ്മളമാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐയുടെ വാതില്‍ ചര്‍ച്ചക്കായി എപ്പോഴും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉപനേതാവ് പദവി സിപിഐക്ക് നല്‍കുന്ന കാര്യം ഇനി ആലോചിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു സിപിഐഎം സിപിഐയെ അറിയിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് ഇക്കാര്യം ബിനോയ് വിശ്വത്തെ അറിയിച്ചത്. ഇത് മനസിലാക്കി സിപിഐഎമ്മിനോട് സഹകരിക്കണമെന്നായിരുന്നു ആവശ്യം. എല്‍ഡിഎഫ് യോഗം വിളിച്ചാല്‍ പങ്കെടുക്കാമെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ യോജിച്ചുള്ള സമരം വേണ്ടെന്നും ബിനോയ് വിശ്വവും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ സിപിഐ ആവശ്യത്തെ വിമര്‍ശിച്ച് ആര്‍ജെഡിയുമ രംഗത്തെത്തിയിരുന്നു. സിപിഐ സ്ഥാനങ്ങള്‍ പങ്കുവെക്കാന്‍ ശീലിക്കണമെന്നാണ് ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കം ഒരര്‍ത്ഥവും ഇല്ലാത്തതാണ്. നിയമസഭയില്‍ ഒരു മുറി കിട്ടും എന്ന് പറഞ്ഞാണ് പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ വൈകുന്നത് മുന്നണിയെ ദുര്‍ബലപ്പെടുത്തും. പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കണമെന്നും വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: P Santhosh Kumar MP Responds to Pinarayi Vijayan Over Opposition Deputy Leader Row

dot image
To advertise here,contact us
dot image