

തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായി കേരളത്തിലിപ്പോള്‍ കരണ്ട് കട്ടാണെന്നും ഇന്ദിര കട്ട് എന്നാണ് ജനങ്ങള്‍ ഇതിനെ വിളിക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഇടയിലും രാവിലെയും രാത്രിയിലുമെല്ലാം 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ കറണ്ട് തുടര്‍ച്ചയായി ഓഫ് ചെയ്യുകയാണെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തില്‍ കറണ്ട് കട്ട് ഉണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ അനുഭവിച്ച പവര്‍കട്ട് പൂര്‍വാധികം ശക്തിയോടെ വീണ്ടും തിരിച്ച് വന്നിരിക്കുകയാണ്. കേരളത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും പവര്‍കട്ട് എന്നും ലോഡിങ് എന്നും കേട്ടിട്ടില്ല എന്ന് തങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ അവര്‍ക്കെല്ലാം പവര്‍കട്ടും ലോട്ട് ഷെഡ്ഡിങും അനുഭവിക്കാന്‍ കഴിഞ്ഞിരിക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു.
അസഹ്യമായ ചൂടുകാരണം പ്രായമായവര്‍ക്കും രോഗികള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കുമെല്ലാം പകല്‍ സമയങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രാത്രിയായാല്‍ മെഴുകുതിരിയും എമര്‍ജന്‍സി ലൈറ്റും ആണ് ജനങ്ങളുടെ ആശ്രയം. ഇന്ദിര കട്ട് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നിരിക്കുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചതും തിരിച്ചടിയായി. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Content Highlights- K N Balagopal has demanded that the government end the Indika cut and warned that it may face strong protests if the issue is not resolved