

തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി തടസ്സം നേരിടുകയായിരുന്നു. കൃത്യം ഏഴ് മണിക്കാണ് വൈദ്യുതി തടസ്സമുണ്ടായത്.
കേരള സമുദ്ര മിഷന് നടത്തിയ മിഷന് സമുദ്ര മാരിടൈം കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍കട്ട് ഉണ്ടായത്. വേദിയിലെ മൈക്കും വെളിച്ചവും ഓഫാകുകയായിരുന്നു. ഇതിനിടെ സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു. ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ലെന്നും കരണ്ട് വന്നാലേ സംസാരിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ജനറേറ്റര്‍ പ്രവര്‍ത്തിച്ചാണ് പിന്നീട് പരിപാടി തുടര്‍ന്നത്. സംസ്ഥാനത്ത് ഇന്നും പവര്‍കെട്ട് തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുകയെന്നും അറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടായിരുന്നു.
പവര്‍കട്ടില്‍ സര്‍ക്കാരിനെ പരിഹസിച്ച് എ എ റഹീം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ രംഗത്തെത്തി. 'വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം' എന്ന ക്യാപ്ഷനോടെ ഒരു മെഴുകുതിരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ പരിഹാസം. 'ഓടുന്ന വണ്ടിയുടെ പുറകെ ഓടിയിട്ട് കാര്യമില്ല. പവര്‍കട്ടിന്റെ പുതുയുഗ നിര്‍വ്വചനം! (സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്തുമെന്ന് പറഞ്ഞ ജഗതി ഫെയിം ഡയലോഗിനോട് സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രം) എന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിൻ്റെയും ശിവപ്രസാദിൻ്റെയും പ്രതികരണം.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നിരിക്കുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Content Highlights- A power cut interrupted V D Satheesan’s speech during an event attended by the Chief Minister. The electricity interruption occurred while the opposition leader was speaking on stage, and a video of the incident has emerged