

തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങളോടെ മുന്നോട്ട് പോകാമെന്നാണ് ശുപാര്‍ശ. അലൈമെന്റും ഫണ്ട് മോഡലും തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. വിഴിഞ്ഞത്തേക്ക് അതിവേഗ റെയില്‍ നീട്ടണമെന്നും ശുപാര്‍ശയുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും വിദഗ്ധ സമിതി ശുപാര്‍ശയില്‍ പറയുന്നു. അതിവേഗ റെയില്‍ പദ്ധതിക്കായി ഇ ശ്രീധരന്‍ നിര്‍ദേശിച്ച രീതിയില്‍ മാറ്റം വേണം. മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കുമ്പോള്‍ അതിന് അനുസരിച്ച് സ്‌റ്റോപ്പുകളിലും മാറ്റം വേണം. കെ റെയില്‍ പോലെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാന്‍ ഇടയില്ല. ക്രൗഡ് ഫണ്ടിങ് പ്രായോഗിമല്ല. ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ 60,000 കോടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക് താല്‍പര്യമുണ്ടെന്ന് കാട്ടി ഇ ശ്രീധരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയില്‍ നിര്‍മ്മാണവും രൂപകല്‍പ്പനയും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരുന്നത്. പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
പദ്ധതിക്ക് 60,000 കോടി മാത്രമേ ചെലവാകൂ എന്നും ഇ ശ്രീധരന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും. നിര്‍മ്മാണ കാലാവധി വെറും 5 വര്‍ഷം മാത്രമാണ്. പാത പൂര്‍ണമായും ഉയര്‍ത്തി പണിയുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും ഈ പദ്ധതി റോഡ് അപകടങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Content Highlights: The expert committee appointed to study the high-speed rail project is expected to submit its report today. The report is likely to play a key role in determining the project's future course and implementation.