

വാഷിങ്ടണ്‍: ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനില്‍ മേനോന്‍ ഉള്‍പ്പടെയുള്ള മൂന്ന് ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. രാത്രി 11.26ഓടെ സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും സംഘത്തിന്റെ മടക്കം.
എക്‌സ്‌പെഡിക്ഷന്‍ 74 ദൗത്യത്തിന്റെ ഭാഗമാണ് ഈ യാത്ര. റഷ്യന്‍ നിര്‍മ്മിത സോയൂസ് എംഎസ് 29 പേടകത്തിലായിരുന്നു സംഘം ബഹിരാകാശത്തെത്തിയത്. കസാഖിസ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്.
ബഹിരാകാശത്തുളളവരുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളിലുണ്ടാകുന്ന മാറ്റം, ബഹിരാകാശ നിലയത്തിലെ കുടിവെളളം ഉപയോഗിച്ച് ഐവി ഫ്ളൂയിഡ് നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ തുടങ്ങി വിപ്ലവകരമായ മാറ്റമുണ്ടാക്കാവുന്ന പരീക്ഷണങ്ങളാകും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

2014ല്‍ നാസയില്‍ ഫ്ളൈറ്റ് സര്‍ജനായ അനില്‍ മേനോന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കുന്ന ടീമിലായിരുന്നു ഉണ്ടായിരുന്നത്. 2018-ല്‍ സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമാണ്. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. യുക്രെയ്ന്‍ സ്വദേശിയാണ് അമ്മ. ഹാര്‍വാഡില്‍ നിന്ന് ന്യൂറോ ബയോളജിയില്‍ ബിരുദം നേടിയ അനില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു അനില്‍ മേനോന്‍. യുഎസ് വ്യോമസേനയില്‍ കേണലായിരുന്നു. 2014-ലാണ് അനില്‍ മേനോന്‍ ഫ്ളൈറ്റ് സര്‍ജനായി എത്തിയത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അനില്‍ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ.
Content Highlights: Dr. Anil Menon is set to become the first Malayali to travel to space. He will conduct scientific research and technology demonstrations aimed at advancing human space exploration and benefiting life on Earth.