കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി; സര്‍ക്കാരിനെ അറിയിച്ചു

കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി; സര്‍ക്കാരിനെ അറിയിച്ചു
dot image

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ മാതൃകയില്‍ രൂപകല്‍പ്പനയും നിര്‍മ്മാണവും മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. പദ്ധതി നിശ്ചിത സമയത്തോ അതിലും വേഗത്തിലോ പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിക്ക് സാധിക്കുമെന്നും സംഘം സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതിവേഗ റെയില്‍ പദ്ധതി കൈകാര്യം ചെയ്യാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഉള്‍പ്പടെ നിരത്തിയാണ് കത്ത്. 57,000 കോടി മാത്രമാണ് പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന ചെലവ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഈ ട്രെയിനിനുണ്ടാകും. പാത പൂര്‍ണമായും ഉയര്‍ത്തി പണിയുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലിനെതിരെ ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും സംഘം എടുത്തുപറയുന്നുണ്ട്.

ഇ ശ്രീധരനും സംഘവും ചൂണ്ടിക്കാട്ടുന്ന ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ ഇങ്ങനെയാണ്;

  1. പദ്ധതിയുടെ കണക്കാക്കിയ ചെലവ് 57,000 കോടി മാത്രമാണ്. അതായത് ഒരു കിലോമീറ്ററിന് ഏകദേശം 100.5 കോടി. പദ്ധതി പൂര്‍ത്തിയാകുമ്പോഴുള്ള ആകെ ചെലവ് ഏകദേശം 60,000 കോടി ആയിരിക്കും.
  2. ഈ റെയില്‍പാതയുടെ യാത്രക്കാരെ വഹിക്കാനുള്ള ശേഷി പ്രതിദിനം 2.28 ലക്ഷം യാത്രക്കാര്‍ എന്നതാണ്.
  3. പാത പൂര്‍ണമായും ഉയര്‍ത്തിപ്പണിയുന്നതിനാല്‍ (Elevated), ഭൂമി ഏറ്റെടുക്കലിനെതിരെ പ്രാദേശിക ജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകില്ല.
  4. കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ക്കും നിലവില്‍ റെയില്‍ സൗകര്യമില്ലാത്ത ചില പ്രദേശങ്ങള്‍ക്കും ഈ പാതയുടെ സേവനം ലഭ്യമാക്കും.
  5. ഈ പദ്ധതി റോഡപകടങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്ക്കും.
  6. പദ്ധതിയുടെ ഊര്‍ജാവശ്യകത മുഴുവനും പ്രത്യേക സോളാര്‍ സംവിധാനത്തിലൂടെ നിറവേറ്റും. അതിനാല്‍ പ്രവര്‍ത്തന-പരിപാലന (O&M) ചെലവ് സാധാരണ റെയില്‍പാതയുടേതിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം മാത്രമായിരിക്കും. ഇതിലൂടെ കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യം നല്‍കാന്‍ കഴിയും.
  7. പദ്ധതിയുടെ ധനസമാഹരണ മാതൃകയും (Funding Pattern), SPV (Special Purpose Vehicle) ആശയവും സംസ്ഥാനത്തിന് പൂര്‍ണമായും അനുയോജ്യമാണ്.
  8. ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.
  9. പദ്ധതിയുടെ FIRR (Financial Internal Rate of Return) 8.09% ഉം EIRR (Economic Internal Rate of Return) 20.01% ഉം ആണ്.
  10. നിര്‍മ്മാണകാലാവധി വെറും 5 വര്‍ഷം മാത്രമാണ്.
  11. ഭാവിയില്‍ ഈ ഹൈസ്പീഡ് പാതയെ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (NHSRCL) രാജ്യവ്യാപക ഹൈസ്പീഡ് റെയില്‍ ശൃംഖലയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും.

Content Highlights: DMRC Expresses Interest in Executing Kerala's High-Speed Rail Project

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us