കെഎഎസ് ഉൾപ്പെടെ സംശയ നിഴലിൽ; ക്രമവിരുദ്ധമായി സർവീസിൽ കയറിയവർക്കെതിരെ നടപടി വേണമെന്ന് മന്ത്രി ഒ ജെ ജനീഷ്

ഈ നാട്ടിലെ ചെറുപ്പക്കാരോട് ദ്രോഹം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്നും മന്ത്രി പറഞ്ഞു

കെഎഎസ് ഉൾപ്പെടെ സംശയ നിഴലിൽ; ക്രമവിരുദ്ധമായി സർവീസിൽ കയറിയവർക്കെതിരെ നടപടി വേണമെന്ന് മന്ത്രി ഒ ജെ ജനീഷ്
dot image

തിരുവനന്തപുരം: പിഎസ്‌സി അട്ടിമറി സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി ഒ ജെ ജനീഷ്. കെഎഎസ് ഉള്‍പ്പെടെയുളള പരീക്ഷകള്‍ സംശയത്തിന്റെ നിഴലിലാണെന്നും ഒട്ടനവധി നിയമനങ്ങളില്‍ തെറ്റുകള്‍ നടന്നിട്ടുണ്ടെന്നും ഒ ജെ ജനീഷ് പറഞ്ഞു. ക്രമവിരുദ്ധമായി സര്‍വീസില്‍ കയറിയവര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നാട്ടിലെ ചെറുപ്പക്കാരോട് ദ്രോഹം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാടെന്നും ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇത്രയും സംഭവിച്ചിട്ടും ഡിവൈഎഫ്‌ഐ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ എസ്‌ഐടിയ്ക്ക് നിരവധി പരാതികളാണ് ലഭിച്ചത്.  കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണമുയർന്നത്. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്‌സിയിലെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25-ന് ഡിജിപിയ്ക്ക് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്.

സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്. അസൂത്രണ ബോര്‍ഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ 10 ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ വിട്ടിരുന്നു. ഇതില്‍ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് പേര്‍ക്ക് നിയമനം നല്‍കി. ഇതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതി എത്തിയപ്പോഴാണ് പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തില്‍ സുപ്രീം കോടതി നിര്‍ദേശം ലംഘിച്ച് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നും പരാതി ഉയര്‍ന്നിരുന്നു.

ലോകകപ്പ് സ്‌ക്രീനിംഗ് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വാണിജ്യ അടിസ്ഥാനത്തില്‍ അല്ലാത്ത എല്ലാ പ്രദര്‍ശനങ്ങളും സൗജന്യമായി നടത്താം എന്നാണ് മന്ത്രി പറഞ്ഞത്. കേരളത്തിലെ ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശനങ്ങളുടെ അവകാശം പൂര്‍ണമായി എടുത്തിരിക്കുന്നത് ഈഗിള്‍സ് എഫ്‌സി ആണെന്നും നാട്ടിന്‍പുറങ്ങളിലും ക്ലബുകളിലും സൗജന്യമായി മത്സരം പ്രദര്‍ശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ഈഗിള്‍സ് എഫ്‌സി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇവിടുത്തെ ജനങ്ങളുടെ ഫുട്‌ബോളിനോടുളള താല്‍പര്യം മനസിലാക്കിയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Minister O J Janeesh has raised serious concerns over irregular appointments in various government sectors, including the KAS, and demanded strict action against those who entered illegally.

dot image
To advertise here,contact us
dot image