സൗദിയിൽ സന്ദർശക വിസയിലുള്ളവർക്ക് കർശന മുന്നറിയിപ്പ്; കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടർന്നാൽ കടുത്ത ശിക്ഷ

രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സൗദി ഭരണകൂടം നിലപാട് കടുപ്പിക്കുന്നത്

സൗദിയിൽ സന്ദർശക വിസയിലുള്ളവർക്ക് കർശന മുന്നറിയിപ്പ്; കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടർന്നാൽ കടുത്ത ശിക്ഷ
dot image

സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർ വിസ കാലാവധി കഴിയും മുൻപ് തന്നെ തിരികെ പോകണമെന്ന് കർശന നിർദേശവുമായി സൗദി അറേബ്യ. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസ-തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷാ പരിശോധനകൾ ഇതിനകം തന്നെ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സൗദി ഭരണകൂടം നിലപാട് കടുപ്പിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് വലിയ തുക പിഴയും തടവും മാത്രമല്ല, ഭാവിയിൽ സൗദിയിലേക്ക് വരുന്നതിന് ആജീവനാന്ത വിലക്കും നേരിടേണ്ടി വരും. നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾ ഉടനടി അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും വിളിച്ച് 24 മണിക്കൂറും വിവരങ്ങൾ കൈമാറാവുന്നതാണ്.

നിയമലംഘകരെ കണ്ടെത്താനായി രാജ്യവ്യാപകമായി എൻഫോഴ്‌സ്‌മെന്റ് കാമ്പെയ്‌നുകൾ അതിശക്തമായി തുടരുകയാണ്. കഴിഞ്ഞ ജൂലൈ രണ്ടിനും എട്ടിനും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം പതിനയ്യായിരത്തി നാനൂറിലധികം (15,400) നിയമലംഘകരെയാണ് വിവിധ പ്രവിശ്യകളിൽ നിന്നായി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇതിൽ താമസ നിയമ ലംഘകരും അതിർത്തി സുരക്ഷ ലംഘിച്ചവരും തൊഴിൽ ചട്ടങ്ങൾ പാലിക്കാത്തവരും ഉൾപ്പെടുന്നു. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരും ഇവർക്ക് ഒത്താശ ചെയ്തവരും പിടിയിലായവരിൽ പെടും. നിലവിൽ 29,000-ത്തിലധികം ആളുകളാണ് രാജ്യത്ത് വിവിധ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

അതിർത്തി സുരക്ഷ ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുകയോ, താമസിക്കാൻ അഭയം നൽകുകയോ ചെയ്യുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. ഇതിനുപുറമെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളും മറ്റ് സ്വത്തുക്കളും കണ്ടുകെട്ടുമെന്നും അധികൃതർ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

Content Highlights: Saudi authorities have warned visitors not to remain in the country after their visit visas expire. Overstaying may lead to strict legal penalties, including fines and other immigration-related actions.

dot image
To advertise here,contact us
dot image