നവകേരളയാത്രയിലെ മര്‍ദ്ദനക്കേസ് അട്ടിമറി ശ്രമം; അജിത്കുമാറിനെതിരായ SIT റിപ്പോര്‍ട്ടില്‍ വ്യക്തത തേടി ഡിജിപി

പഴുതടച്ച നടപടികള്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്‌ഐടിയുടെ മറുപടി ലഭിച്ചാല്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും

നവകേരളയാത്രയിലെ മര്‍ദ്ദനക്കേസ് അട്ടിമറി ശ്രമം; അജിത്കുമാറിനെതിരായ SIT റിപ്പോര്‍ട്ടില്‍ വ്യക്തത തേടി ഡിജിപി
dot image

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തത തേടി ഡിജിപി. എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്ന് ഡിജിപി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.

പഴുതടച്ച നടപടികള്‍ക്കാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്‌ഐടിയുടെ മറുപടി ലഭിച്ചാല്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. ഡിജിപിയുടെ ശുപാര്‍ശ ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. മര്‍ദ്ദന കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നും തെളിവില്ലന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നുമായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. അജിത് കുമാറിനെതിരെ മുന്‍ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് കുമാര്‍ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ചെന്നും മൊഴിയുണ്ട്.

ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അജിത് കുമാര്‍ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പൊലീസ് ക്ലബില്‍ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാല്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാര്‍ പറഞ്ഞതായും മൊഴിയുണ്ട്. എം ആര്‍ അജിത് കുമാര്‍ മോശമായി പെരുമാറിയെന്നും ഒരു എസ്‌ഐ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും അദ്ദേഹം മൊഴി നല്‍കി. ഇത് തെളിയിക്കാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും എസ്‌ഐടി സമര്‍പ്പിച്ചിരുന്നു.

Content Highlights: The Kerala DGP has sought clarification on the Special Investigation Team (SIT) report related to the alleged attempt to derail the investigation into the assault case involving Youth Congress workers who showed black flags during the Navakerala Yatra.

dot image
To advertise here,contact us
dot image