

കൊച്ചി: വിഖ്യാത ഗായിക എസ് ജാനകിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് ഉള്ളതെന്ന് മോഹന്‍ലാല്‍ പറയുന്നു. സന്തോഷവും കുട്ടിത്തവും വിഷാദവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകര്‍ന്നുനല്‍കിയെന്നും ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ തനിക്ക് ഭാഗ്യമുണ്ടായെന്നും മോഹന്‍ലാല്‍ കുറിച്ചു.
'ഭാരതത്തിന്റെ ഗാനകോകിലം ജാനകിയമ്മ നമ്മെ വിട്ടു പിരിഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളില്‍ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങള്‍ സമ്മാനിച്ച സ്‌നേഹസാഗരമാണ് ജാനകിയമ്മ. മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങള്‍ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്‍ പാടിയ ഗായിക എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട് എനിക്കുള്ളത്. സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉള്‍പ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങള്‍ക്കും ജാനകിയമ്മ തന്റെ മധുരസ്വരം പകര്‍ന്നു നല്‍കി. ആദ്യചിത്രത്തിന് ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവര്‍. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു', എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍.
ഇന്നലെയായിരുന്നു ശബ്ദമാന്ത്രികത കൊണ്ട് കൂട്ടിരുന്ന എസ് ജാനകി ലോകത്തോട് വിട പറഞ്ഞത്. കൊച്ചുമകള്‍ അപ്സര പ്രിയ ഗായികയുടെ വിയോഗം രാജ്യത്തെ അറിയിച്ചതു മുതല്‍ നിരവധിപേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയുടെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം ജാനകിയമ്മയെ ആവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്കും ആശുപത്രിയിലേക്കുമായി എത്തിക്കഴിഞ്ഞു.
രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്‌കാരം. ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ പാടിയ പകരം വെക്കാനില്ലാത്ത നാദ വിസ്മയമാണ് വിടവാങ്ങുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട് പടുത്തുയര്‍ത്തിയ ഗാനസിംഹാസനമാണ് ജാനകിയമ്മ കടന്നു പോകുമ്പോള്‍ ശൂന്യമാകുന്നത്.
Content Highlights: Mohanlal paid tribute to legendary singer S Janaki